പ്രണയമെന്ന പേരിൽ പിന്നാലെ നടന്ന് ശല്യം ചെയ്തത് 3 വർഷം, 17കാരിയെ തീയിട്ട് കൊന്ന് 21കാരൻ

യുവാവിന്റെ ശല്യം മൂലം 17കാരിയെ വീട്ടുകാർ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നെങ്കിലും യുവാവ് ശല്യം തുടരുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി പെട്രോൾ ഒഴിച്ച് 17കാരിക്ക് തീയിട്ട് കൊന്ന് 21കാരൻ

17 year old girl dies after set on fire by youth who stalked her

വിജയവാഡ: പ്രണയമെന്ന പേരിൽ 17കാരിയെ ശല്യപ്പെടുത്തിയത് മൂന്ന് വർഷം. വഴങ്ങില്ലെന്ന് വ്യക്തമായതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീയിട്ട് കൊല്ലാൻ ശ്രമിച്ച് 21കാരൻ. വിജയവാഡയ്ക്ക് സമീപത്തെ നന്ദ്യാലിലെ നന്ദികോട്കൂരിലാണ് സംഭവം. യുവാവിന്റെ ശല്യം മൂലം 17കാരിയെ വീട്ടുകാർ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെയും എത്തി ശല്യം ചെയ്തിട്ടും പഠനം തുടരണമെന്നും പ്രണയത്തിന് താൽപര്യമില്ലെന്ന് 17കാരി യുവാവിനോട് വിശദമാക്കിയിരുന്നു.

ഇതിൽ പ്രകോപിതനായി തിങ്കളാഴ്ച പുലർച്ചെ 17കാരിയുടെ പഠന മുറിയിൽ അതിക്രമിച്ച് കയറിയ ശേഷം പെൺകുട്ടിക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉച്ചത്തിൽ നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷമായിരുന്നു കൊടും ക്രൂരത. പുകയും തീപിടിച്ചതും അയൽവാസികൾ വീട്ടിലേക്ക് എത്തിയപ്പോൾ കണ്ടത് പൊള്ളലേറ്റിട്ടും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവാവിനെയായിരുന്നു. 

സംഭവത്തിൽ വേൽദുർതി മണ്ഡലിലെ സമർലകോട്ട സ്വദേശിയായ രാഘവേന്ദ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ കഴിയുകയാണ്. യുവാവിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ആറ് മാസം മുൻപാണ് 17കാരി മുത്തശ്ശിയുടെ വീട്ടിലെത്തിയത്. ഇയാൾക്കെതിരെ നേരത്തെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

അടുത്തടുത്ത ഗ്രാമങ്ങളിൽ നിന്നുള്ള യുവാവും പെൺകുട്ടിയും ഒരേ വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു പഠിച്ചിരുന്നത്. ഗുരുതരമായി പൊള്ളലേറ്റും ശരീരഭാഗങ്ങൾ കത്തിക്കരിഞ്ഞും 17കാരി സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ദാരുണ സംഭവത്തിന് പിന്നാലെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. യുവാവിനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തെളിവുകൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios