കഴിഞ്ഞ ദിവസം വൈകിട്ട് പെൺകുട്ടിയെ കാത്തിരുന്ന ഇയാൾ തോക്കുമായെത്തി രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. ആക്രമണം നടന്ന ഇടവഴിയിലെ സിസിടിവി ക്യാമറയിൽ യുവാവ് ഒരു ബൈക്കിൽ പെൺകുട്ടിയെ കാത്തിരിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ഫരീദാബാദ്: ദില്ലി ഹരിയാനാ അതിർത്തിയിൽ 17 കാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡിൽ ആണ് കോച്ചിംഗ് ക്ലാസിൽ നിന്നും മടങ്ങി വരവെ 17 കാരിയെ യുവാവ് ആക്രമിച്ചത്. പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തുകൊണ്ടിരുന്ന . ജതിൻ മംഗ്ല എന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം ബല്ലഭ്ഗഡിലെ ശ്യാം കോളനിയിലാണ് ദാരുണമായ സംഭവം നടന്നത്. കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് കൂട്ടുകാരികൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിക്ക് നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു.
അക്രമം നടന്ന സ്ഥലത്ത് നിന്നും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജതിൻ മംഗ്ല ഏറെ നാളായി പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നു എന്നാണ് വിവരം. എന്നാൽ പെൺകുട്ടി ഇയാളോട് സംസാരിക്കാൻ തയ്യാറായില്ല. ഇതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പെൺകുട്ടിയെ കാത്തിരുന്ന ഇയാൾ തോക്കുമായെത്തി രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. ആക്രമണം നടന്ന ഇടവഴിയിലെ സിസിടിവി ക്യാമറയിൽ യുവാവ് ഒരു ബൈക്കിൽ പെൺകുട്ടിയെ കാത്തിരിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
കൂട്ടുകാരികൾക്കൊപ്പം 17 കാരി നടന്നുവരുന്നതും, പെട്ടന്ന് റോഡിന്‍റെ എതിർ വശത്ത് നിന്നും വന്ന യുവാവ് ബാഗിൽ നിന്നും തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഇതോടെ കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന് പിന്നാലെ പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. 17 കാരിയുടെ തോളിലും, വയറിലുമാണ് വെടിയേറ്റത്. ഓടിക്കൂടിയ പ്രദേശവാസികൾ പെൺകുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും, ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പിടകൂടാനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.


