ഹൈദരാബാദ്: ബാങ്ക് ജീവനക്കാരിയായ യുവതിയെ മുന്‍ കാമുകന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീ കൊളുത്തി. ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിലാണ് സംഭവം.  ബാങ്കില്‍ കരാര്‍ ജീവനക്കാരിയായിരുന്ന 19കാരി സ്നേഹലതയെ ആണ് മുന്‍ കാമുകനായ ഗൂട്ടി രാജേഷ് എന്നയാള്‍ കൊലപ്പെടുത്തിയത്. സ്നേഹലത മറ്റൊരു യുവാവുമായി അടുപ്പത്തിലായതാണ് യുവാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷും സ്നേഹലതയും കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ബാങ്കില്‍ ജോലി ലഭിച്ചതിന് ശേഷം യുവതി രാജേഷില്‍ നിന്നും അകന്നു. തന്‍റെ കോളേജില്‍ പഠിച്ച മറ്റൊരു യുവാവുമായി യുവതി അടുപ്പത്തിലായി. ഇതോടെയാണ് രാജേഷ് സ്നേഹലതയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരുവരും തമ്മില്‍ 1618 തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ചൊവ്വാഴ്ച രാജേഷ് സ്നേഹലതയോട് കാണണമെന്ന് ആവശ്യപ്പെട്ടു. ഇരുവരും ബൈക്കില്‍ പോകുന്നതിനിടെ രാജേഷ് സ്നേഹലതയോടെ പുതിയ ബന്ധത്തെപ്പറ്റി ചോദിക്കുകയും ഇരുവരും വഴക്കുണ്ടാകുയും ചെയ്തു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് രാജേഷ് സ്നേഹലതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ ബാങ്ക് പേപ്പറുകളും മറ്റ് വസ്തുക്കളും കൂട്ടിയിട്ട് തീയിടുകയും മൃതദേഹം അവിടെ ഉപേക്ഷിച്ച് മുങ്ങുകയുമായിരുന്നു. 

പെണ്‍കുട്ടിയെ കാണാായതോടെ ഇവരുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്നേഹലത ജോലി ചെയ്യുന്ന ബാങ്കില്‍ നിന്നും 25 കിലോമീറ്ററോളം ദൂരെയുള്ള വയലിനടുത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളി തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. യുവതി ലൈഗിക ചൂഷണത്തിനിരയായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.