ലോകരാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും സംഘർഷങ്ങളും ചർച്ചയാകുമ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത് ചിരിയുണർത്തുന്ന മീമുകളാണ്. ജെൻ സികളുടെ ഈ മനോഭാവം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ഇത് നിസ്സംഗതയല്ല, മറിച്ച് ഭയാനകമായ വാർത്തകൾ നൽകുന്ന മാനസിക സമ്മർദ്ദത്തെ അതിജീവിക്കാൻ അവർ കണ്ടെത്തിയ ഒരു പ്രതിരോധ തന്ത്രമാണ്.
ലോകം മുഴുവൻ യുദ്ധഭീതിയിലും സാമ്പത്തിക പ്രതിസന്ധികളിലും വിറങ്ങലിച്ചു നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ മീമുകളും ചിരിയുണർത്തുന്ന റീലുകളും നിർമ്മിക്കുന്ന തിരക്കിലാണ് ഒരു വിഭാഗം യുവാക്കൾ. ഇത് വെറുമൊരു നിസ്സംഗതയാണോ അതോ അതിജീവനത്തിനുള്ള പുതിയ വഴിയാണോ എന്നതാണ് ചോദ്യം. ഇസ്രായേൽ - ഇറാൻ സംഘർഷങ്ങളെയും, റഷ്യ - യുക്രൈൻ യുദ്ധത്തെയും ലോകം അതീവ ഗൗരവത്തോടെ വീക്ഷിക്കുമ്പോൾ, മറ്റൊരു വശത്ത് ഇൻസ്റ്റാഗ്രാമിലും എക്സിലും ഈ വിഷയങ്ങളെ ആസ്പദമാക്കി ആയിരക്കണക്കിന് 'മീമുകൾ' പ്രചരിക്കുന്നുണ്ട്. പ്രത്യേകിച്ച് ജെൻ സികളാണ് ഈ പ്രവണതയ്ക്ക് പിന്നിൽ. ജെഫ്രി എപ്‌സ്റ്റീൻ ഫയലുകൾ മുതൽ അഫ്ഗാനിസ്ഥാനിലെയും പലസ്തീനിലെയും മാനുഷിക പ്രതിസന്ധികൾ വരെ ഇവരുടെ ഹാസ്യരൂപേണയുള്ള വിമർശനങ്ങൾക്ക് ഇരയാകുന്നു.
ഇതൊരു മനോഭാവമാണോ അതോ പ്രതിരോധ തന്ത്രമോ?
മുതിർന്നവർ ഗൗരവത്തോടെ ചർച്ച ചെയ്യുന്ന രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളെ യുവാക്കൾ തമാശയായി കാണുന്നത് അവരുടെ അറിവില്ലായ്മ കൊണ്ടോ നിസ്സംഗത കൊണ്ടോ ആണെന്ന് പെട്ടെന്ന് തോന്നാം. എന്നാൽ മനഃശാസ്ത്രപരമായ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇത് അവരുടെ ഒരു 'കോപ്പിംഗ് മെക്കാനിസം' അഥവാ മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനുള്ള ഒരു മാർഗ്ഗമാണെന്നാണ്. ജെൻ സികളെ സംബന്ധിച്ചിടത്തോളം, അവർ ബോധവാന്മാരായ കാലം മുതൽ ലോകം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ആഗോളതാപനം, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, മഹാമാരികൾ എന്നിവ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഈ നിരന്തരമായ വാർത്ത പ്രവാഹവും ആശങ്കകളും അവരിൽ ഉണ്ടാക്കുന്ന ഭയത്തെയും ഉത്കണ്ഠയെയും പ്രതിരോധിക്കാൻ അവർ കണ്ടെത്തിയ ആയുധമാണ് 'ഹാസ്യം' എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിരി ഒരു കവചമാകുമ്പോൾ
യുദ്ധവാർത്തകൾ കേട്ട് തളർന്നിരിക്കാൻ ജെൻ സി തയ്യാറല്ല. കാരണം, എവിടെയൊക്കെ യുദ്ധം ഉണ്ടായാലും തങ്ങളുടെ ജീവിതം അടുത്ത ദിവസം രാവിലെയും പതിവുപോലെ തുടരേണ്ടതുണ്ടെന്ന് അവർക്കറിയാം. രാവിലെ നേരത്തെ എഴുന്നേറ്റ് മെട്രോ പിടിക്കുക, ഓഫീസിൽ ലോഗിൻ ചെയ്യുക, മണിക്കൂറുകളോളം അധ്വാനിക്കുക, ജിമ്മിൽ പോകുക ഈയൊരു ചക്രത്തിൽ നിന്ന് അവർക്ക് വിട്ടുനിൽക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

സോഷ്യൽ മീഡിയയിലെ തമാശകൾ ഈ സംഘർഷങ്ങളുടെ ഗൗരവം കുറയ്ക്കുന്നില്ല, മറിച്ച് ഒരു 'മാനസിക കവചമായി' പ്രവർത്തിക്കുന്നു. വാർത്തകൾ നൽകുന്ന ആഘാതത്തിൽ നിന്ന് തലച്ചോറിനെ താൽക്കാലികമായി മോചിപ്പിക്കാൻ മീമുകൾ അവരെ സഹായിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. വരാനിരിക്കുന്ന വലിയ വിപത്തുകളെക്കുറിച്ചുള്ള ഭീതിയെ ചിരിയിലൂടെ വഴിതിരിച്ചുവിടുന്നതിലൂടെ അവർക്ക് സ്വന്തം മാനസികാരോഗ്യം സംരക്ഷിക്കാൻ കഴിയുന്നു.
മീം സംസ്‌കാരം പ്രതിസന്ധികളിൽ
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം, ഇറാൻ-ഇസ്രായേൽ യുദ്ധം, അമേരിക്കയുടെ രാഷ്ട്രീയ നീക്കങ്ങൾ എന്നിവയെല്ലാം ഇന്ന് മീമുകൾക്ക് വിഷയമാണ്. എന്നാൽ ഈ ചിരി ദുരന്തം അനുഭവിക്കുന്നവർക്ക് നേരെയുള്ള പരിഹാസമല്ല. പകരം, ഭയാനകമായ സാഹചര്യങ്ങളെ കൂടുതൽ ലളിതമായി കാണാനുള്ള ഒരു ശ്രമമാണ്. ഒരു വിനാശകരമായ വാർത്തയെ റീഫ്രെയിം ചെയ്ത് ഹാസ്യമാക്കി മാറ്റുമ്പോൾ, ഭയത്തേക്കാൾ ഉപരിയായി ആ സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള മാനസിക കരുത്ത് അവർക്ക് ലഭിക്കുന്നു.

മുൻ തലമുറകൾ പത്രവാർത്തകൾ വായിച്ച് ആശങ്കപ്പെട്ടിരുന്ന സ്ഥാനത്ത്, ഇന്നത്തെ യുവാക്കൾ വാർത്തകൾ ഗ്രഹിക്കുന്നതും അതിനോട് പ്രതികരിക്കുന്നതും ഇത്തരം ഡിജിറ്റൽ ഉള്ളടക്കങ്ങളിലൂടെയാണ്. 'ലോകം അവസാനിക്കാൻ പോകുകയാണെങ്കിൽ അത് ചിരിച്ചുകൊണ്ട് നേരിടാം' എന്നൊരു ചിന്താഗതിയാണ് ജെൻ സിയെ നയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്ഥാപനങ്ങളും സമൂഹവും ശ്രദ്ധിക്കേണ്ടത്
യുവാക്കളുടെ ഈ രീതി പലപ്പോഴും ക്രൂരതയോ നിസ്സംഗതയോ ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ഇത് അവരുടെ പിരിമുറുക്കം പുറത്തുവിടുന്ന രീതിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ജോലിസ്ഥലത്തും വീടുകളിലും അമിതമായ സമ്മർദ്ദം അനുഭവിക്കുന്ന ഈ തലമുറയ്ക്ക് ഇത്തരം ഓൺലൈൻ തമാശകൾ ഒരു 'സ്ട്രെസ് റിലീഫ്' ആയി മാറുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടികാണിക്കുന്നത്.


