ഡെറാഡൂണ്‍: ബാലികാ ദിനത്തില്‍ 19കാരിയെ മുഖ്യമന്ത്രിയായി നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഒരു ദിവസത്തേക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചത്. സൃഷ്ടി ഗോസ്വാമി എന്ന വിദ്യാര്‍ത്ഥിക്കാണ് ഒരു ദിവസം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനുള്ള അവസരം ലഭിച്ചത്. ബാലികാ ദിനത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അവസരം നല്‍കിയതിന് നന്ദിയുണ്ടെന്ന് സൃഷ്ടി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് നന്ദിയുണ്ടെന്നും പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തന്റെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും സൃഷ്ടി പറഞ്ഞു. 

തങ്ങളുടെ മകളെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നുവെന്ന് സൃഷ്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍മക്കളെ പിന്തുണക്കുന്നത് അവസാനിപ്പിക്കരുത്. ഇന്നത്തെക്കാലത്ത് പെണ്‍മക്കള്‍ക്ക് എന്തും നേടാം. ഇതുതന്നെ അതിനുള്ള അതിനുദാഹരണമാണ്. എന്റെ മകള്‍ക്ക് ഈ നേട്ടത്തിലെത്താന്‍ കഴിയുമെങ്കില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സാധിക്കും. എന്റെ മക്കള്‍ക്ക് ഈ അവസരം നല്‍കിയ ത്രിവേന്ദ്ര സിംഗ് റാവത്തിന് പ്രത്യേകം നന്ദി പറയുന്നു-സൃഷ്ടിയുടെ പിതാവ് പ്രവീണ്‍ പുരി പറഞ്ഞു. 2008ലാണ് ജനുവരി 24ന് ദേശീയ ബാലികാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.