ഒരു മാസമായി മുത്തേടത്ത് തുടർ മോഷണങ്ങൾ നടത്തിവന്ന 19 കാരനെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. കടകളുടെ ഗ്രില്ലുകൾ കട്ടർ ഉപയോഗിച്ച് മുറിച്ചായിരുന്നു ഇയാളുടെ രീതി. മോഷണത്തിനിടെ ഉപേക്ഷിച്ചുപോയ ചെരിപ്പാണ് പ്രതിയെ പിടികൂടാൻ പൊലീസിന് നിർണായക തുമ്പായത്.

മലപ്പുറം: ഒരു മാസമായി മുത്തേടത്ത് നടന്ന മോഷണ പരമ്പരയിലെ പ്രതിയെ എടക്കര പൊലീസ് പിടികൂടി. 19 കാരനെയാണ് എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. കെ. കമറുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.

മൂത്തേടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയത്. ചെറിയ ഹോട്ടലുകള്‍, പലചരക്ക് കടകള്‍ എന്നിവയുടെ ഇരുമ്പ് ഗ്രില്ലുകള്‍ കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് മോഷ്ടിക്കുന്നതാണ് രീതി. ചൊവ്വാഴ്ച മൂച്ചിപ്പരത നെയ്‌തേരില്‍ തങ്കച്ചന്റെ പലചരക്ക് കടയിലും പൂഇപ്പൊയ്ക ആഞ്ഞിലമുട്ടില്‍ തോമസിന്റെ കാറ്റാടിയിലെ ഹോട്ടലിലുമാണ് മോഷണം നടന്നത്.

കഴിഞ്ഞ ശനിയാഴ്ച എണ്ണക്കരക്കള്ളിയില്‍ 80 കാരി തനിച്ച് താമസിക്കുന്ന വീട്ടില്‍ മോഷണം നടത്തുന്നതിനിടയില്‍ ചെരിപ്പ്, ചാക്ക് എന്നിവ ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. ഇതാണ് പൊലീസിന് തുമ്പായത്. ഇതേ ദിവസം മരംവെട്ടിച്ചാല്‍ വലിയ പീടിയേക്കല്‍ നൗഷാദിന്റെ ഫാമിലി സ്റ്റോറിലും മുത്തേടം അങ്ങാടിയിലെ വാഴങ്ങാട്ടില്‍ കുഞ്ഞുണ്ണി ആശാരിയുടെ പച്ചക്കറി കടയിലും മോഷണം നടന്നിരുന്നു. ഗ്രില്ലുകള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കട്ടര്‍ മോഷണം നടത്തുന്ന സ്ഥലത്ത് ഉപേക്ഷിക്കുന്ന ശീലവും ഇയാള്‍ക്കുണ്ട്. മൂന്ന് കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. കൂടുതല്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് കരുതുന്നു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.