മോഷണശ്രമം സിസിടിവിയിൽ കണ്ട വീട്ടുകാർ ഇറങ്ങി വന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്ഥിരം കുറ്റവാളികളായ മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു.
കുടശ്ശനാട്: ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതോടെ ബൈക്കിലെ പെട്രോൾ അടിച്ചുമാറ്റി മോഷ്ടാക്കൾ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സഹോദരങ്ങളായ കള്ളൻമാരെ പൊലീസ് പിടികൂടി. മോഷണത്തിന്‍റെ സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കുടശ്ശനാട് പ്രശാന്ത് ഭവനം വീട്ടിലാണ് മോഷണം നടന്നത്. മതിൽ ചാടിക്കടന്ന് വീട്ടുമുറ്റത്തെത്തിയ മോഷാടാക്കൾ വീട്ടുപരിസരമാകെ ഒന്ന് പരതി. തുടർന്ന് പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന ബൈക്ക് മോഷ്ടിക്കാനായിരുന്നു ആദ്യ ശ്രമം. ശ്രമം പരാജയപ്പെട്ടു. പക്ഷേ ഇതുകൊണ്ടൊന്നും മോഷ്ടാക്കൾ പിന്മാറാൻ തയ്യാറായില്ല. പെട്രോളെങ്കിൽ പെട്രോൾ എന്നായി അടുത്ത നീക്കം.
സിസിടിവിയിൽ ലൈവ് ദൃശ്യങ്ങൾ കണ്ടതോടെ വീട്ടുകാർ പുറത്തേക്ക്, പ്രതികൾ സ്ഥിരം കുറ്റവാളികൾ
ബൈക്കിൽ നിന്നും പെട്രോൾ ഊറ്റി എടുത്തു. ഇതിനിടെ മോഷണശ്രമം സിസിടിവിയിൽ കണ്ട വീട്ടുകാർ ഇറങ്ങി വന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്ഥിരം കുറ്റവാളികളായ മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേൽ, ജസ്റ്റിൻ ഡാനിയേൽ എന്നിവരാണ് പ്രതികൾ. ഇരുവരും സഹോദരങ്ങളാണ്. പന്തളം ഭാഗത്തു നിന്നും മോഷ്ടിച്ച വാഹത്തിൽ എത്തി ഹരിപ്പാട് മോഷണം നടത്തി. ശേഷം നൂറനാട്ട് എത്തി മോഷണം നടത്തുകയായിരുന്നു ഇവർ. ഇരുവരും തിരുവനന്തപുരം, പന്തളം ഹരിപ്പാട്, നൂറനാട് തുടങ്ങി കേരളത്തിലെ വിവിധങ്ങളിലെ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിൽ പ്രതികളാണ്. അറസ്റ്റിലായ പ്രതികളെ മാവലിക്കര ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


