വിവാഹം കഴിക്കാൻ നിയമപരമായ പ്രായമെത്താൻ രണ്ട് വർഷം കൂടി കാത്തിരിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് 19കാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെ ഡോംബിവാലിയിലാണ് സംഭവം. ഝാർഖണ്ഡ് സ്വദേശിയായ 19കാരനാണ് ജീവനൊടുക്കിയത്
താനെ: വിവാഹം കഴിക്കാൻ 21 വയസ് വരെ കാത്തിരിക്കാൻ വീട്ടുകാർ നിർദേശിച്ചിട്ടും 19കാരൻ ജീവനൊടുക്കി. ഝാർഖണ്ഡ് സ്വദേശിയും മഹാരാഷ്ട്രയിലെ താനെക്കടുത്ത് ഡോംബിവാലിയിലെ താമസക്കാരനുമായ 19കാരനാണ് ജീവനൊടുക്കിയത്. ഝാർഖണ്ഡിലെ നാട്ടുകാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് രണ്ട് വർഷം കൂടി കാത്തിരിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള മനപ്രയാസമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
രാജ്യത്ത് പുരുഷന്മാരുടെ നിയമപരമായ വിവാഹപ്രായം 21 വയസാണ്. എന്നാൽ ജീവനൊടുക്കിയ ആൾക്ക് ഇനിയും രണ്ട് വർഷം കൂടി കഴിഞ്ഞാലേ നിയമപരമായി വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ തന്നെ താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ഇയാൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ രണ്ട് വർഷം കൂടി കാത്തിരിക്കാൻ മാതാപിതാക്കൾ നിർദേശിക്കുകയായിരുന്നു.
തുടർന്ന് നവംബർ 30 ന് വീടിനകത്താണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഡോംബിവാലിയിലെ മൺപട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ചയാളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)


