വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനുള്ളിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ചിന്നരമ്മുഡുവിൻ്റെ മകൾ മധുരി സഹിതിബായിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

അമരാവതി: വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുന്നതിന് മുൻപ് മുതിർന്ന ഐഎഎസ് ഓഫീസറുടെ മകൾ ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ ഐഎഎസ് ഓഫീസർ ചിന്നരമ്മുഡുവിൻ്റെ മകൾ മധുരി സഹിതിബായ് (27) ആണ് മരിച്ചത്. തഡേപ്പള്ളിയിലെ വീടിനുള്ളിൽ മുറിയോട് ചേർന്ന ശുചിമുറിക്കകത്താണ് യുവതിയെ തൂങ്ങമരിച്ച നിലയിൽ കണ്ടെത്തിയത്.

നന്ദ്യാൽ ജില്ലയിലെ ബെട്ടൻചെർള മണ്ഡലത്തിനടുത്ത് ബഗ്ഗനപ്പള്ളി സ്വദേശിയായ രാജേഷ് നായിഡുവാണ് മരിച്ച യുവതിയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇവർ വിവാഹിതരായത്. ജാതിരഹിത വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുന്നതിന് മുൻപ് ഭർത്താവ് തന്നെ ക്രൂരമായി മർദിക്കുന്നുവെന്ന് സ്വന്തം വീട്ടുകാരോട് യുവതി പരാതിപ്പെട്ടിരുന്നു.

പിന്നീട് ലോക്കൽ പൊലീസ് ഇടപെട്ട് യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ നിന്നും തഡേപ്പള്ളിയിലെ സ്വന്തം വീട്ടിലേക്ക് എത്തിച്ചു. രണ്ട് മാസം മുൻപ് ഇവിടെയെത്തിയ ശേഷം യുവതി തിരികെ പോയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഈ വീട്ടിലെ ശുചിമുറിക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്നലെ പൊലീസെത്തി മംഗളഗിരിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

തനിക്ക് ജോലിയുണ്ടെന്ന് പറഞ്ഞ് രാജേഷ് മകളെ വഞ്ചിച്ചുവെന്നും രജിസ്റ്റർ മാര്യേജ് ചെയ്യാൻ നിർബന്ധിച്ചുവെന്നും ഐഎഎസ് ഓഫീസറായ ചിന്നരമ്മുഡു പ്രതികരിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതും പീഡിപ്പിച്ചതുമെന്ന് പറഞ്ഞ അദ്ദേഹം, ഭർത്താവിന് തന്നോട് സ്നേഹമുണ്ടെന്ന് കരുതി മകൾ കാത്തിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. മകൾ ജീവനൊടുക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)