രാജ്യത്ത് വീണ്ടും നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 19കാരിയായ അനുകീ‍‍ർത്തന ആണ് മരിച്ചത്. വീണ്ടും പരീക്ഷയെഴുതാൻ തനിക്ക് പേടിയാണെന്ന് പെൺകുട്ടിയുടെ സന്ദേശം. 

കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക് ടൗൺ സ്വദേശിയായ അനുകീ‍‍ർത്തന (19) ആണ് മരിച്ചത്. വീണ്ടും നീറ്റ് പരീക്ഷയെഴുതാൻ ഭയമുണ്ടെന്ന് ബന്ധുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് ഉദ്യോ​ഗാ‍ർത്ഥി ആത്മഹത്യ ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുധനാഴ്ച രാവിലെ ആണ് സംഭവം. അനുകീ‍‍ർത്തനയുടെ വാട്സ്ആപ്പ് സന്ദേശം കണ്ട് ആശങ്കപ്പെട്ട ബന്ധുക്കൾ വീട്ടിലെത്തി ബലം പ്രയോ​ഗിച്ച് വാതിൽ തുറന്നപ്പോഴാണ് വിഷം കഴിച്ച് അബോധാവസ്ഥയിലായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം മരണം സംഭവിച്ചു.

ഡോക്ടറാകണമെന്ന അതിയായ ആ​ഗ്രഹത്തോടെ ഒരുവ‍ർഷമായി നീറ്റ് പരിശീലനത്തിലായിരുന്നു അനുകീർത്തന. ഇക്കുറി പരീക്ഷയെഴുതി മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കിയതും പുനപരീക്ഷ പ്രഖ്യാപിച്ചതും. ഇത് അനുകീർത്തനയിൽ വലിയ ഞെട്ടലുണ്ടാക്കുകയും മാനസികമായി തള‍ർത്തുകയും ചെയ്തു.

ബുധനാഴ്ച രാവിലെ അനുകീർത്തന ബന്ധുക്കൾക്ക് നീണ്ട വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. നീറ്റ് പരീക്ഷയിൽ പങ്കെടുത്തുവെന്നും മെഡിക്കൽ കോളേജിൽ പ്രവേശനത്തിന് കാത്തിരിക്കുമ്പോഴാണ് പരീക്ഷ റദ്ദാക്കിയതെന്നും സന്ദേശത്തിൽ പറയുന്നു. "ഇപ്പോൾ, വീണ്ടും പരീക്ഷ എഴുതാൻ എനിക്ക് പേടിയാണ്. എന്റെ അച്ഛൻ എനിക്കായി ഒരുപാട് പണം ചിലവഴിച്ചിട്ടുണ്ട്; ഇനി എങ്ങനെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കുമെന്ന് എനിക്കറിയില്ല"​- സന്ദേശത്തിൽ പറയുന്നു

സെന്തിൽ പ്രഭു ആണ് അനുകീ‍‍ർത്തനയുടെ പിതാവ്. ടാസ്മാക് ട്രേഡ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറിയാണ് സെന്തിൽ പ്രഭു. ഇദ്ദേഹത്തിൻ്റെ മൂത്തമകളായിരുന്നു അനുകീ‍ർത്തന. മൃതദേഹം പോസ്റ്റ് മോ‍ർട്ടത്തിനായി ​ഗവ. ഇഎസ്ഐ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കുനിയമുത്തുർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉ​ദ്യോ​ഗാർത്ഥിയുടെ ഫോൺ കസ്റ്റഡിയിൽ എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തി.

നീറ്റ് പുനപരീക്ഷയ്ക്ക് ഇനി മൂന്നുനാൾ

രാജ്യത്ത് നീറ്റ് പുനപരീക്ഷ ജൂൺ 21ന് നടക്കും. ചോദ്യപേപ്പർ വിതരണത്തിന് ഇന്ത്യൻ വ്യോമസേന ഇതുവരെ 200ലധികം സോർട്ടികൾ നടത്തി. ജൂൺ 13 മുതൽ ആരംഭിച്ച ദൗത്യം രാജ്യത്തെ 18 പ്രധാന വിതരണ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ എത്തിച്ചു. ഇതുവരെ 12 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)