മുംബൈ: മെട്രോയുടെ കാര്‍ പാര്‍ക്കിംഗ് ഷെഡ്ഡിനായി മുംബൈ ആരേ വനത്തിലെ 2,500 ലേറെ മരങ്ങൾ മുറിക്കുന്നതിനെ ചൊല്ലി ശിവസേന-ബിജെപി പോര് മുറുകുന്നു. വികസനത്തിനായി മരം മുറിക്കാമെന്ന ബിജെപി നിലപാട് ശിവസേന തലവൻ ഉധവ് താക്കറെ തള്ളി. അടുത്ത സർക്കാർ വന്നാൽ മരംമുറിക്കാൻ അനുമതി നൽകിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉധവ് താക്കറെ പറഞ്ഞു.

മരങ്ങൾ മുറിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ശിവസേന നേതാവ് പ്രിയങ്ക ചതുർവ്വേദി അടക്കം 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.  38 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മരംമുറിക്കൽ ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ശിവസേന. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന പോര് ഏറെ ചർച്ചയാകുകയാണ്.

നഗരത്തിലെ പച്ചത്തുരുത്തായ ആരേ വനത്തിലെ മരങ്ങൾ തീരുമാനത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരടക്കുമള്ളവർ സമരം തുടരുകയാണ്. മെട്രോ കോച്ച് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെയുള്ള പൊതുതാത്പര്യഹർജി ഇന്നലെ മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ അർദ്ധരാത്രിതന്നെ കനത്ത പൊലീസ് കാവലിൽ മരം മുറിക്കാൻ തുടങ്ങിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ആരേ കോളനിയില്‍ മരം മുറിക്കാനെത്തിയവരെ സംഘടനകള്‍ തടയാന്‍ ശ്രമിച്ചിരുന്നു.

Read More:കാര്‍ പാര്‍ക്കിംഗ് ഷെഡ്ഡിനായി മുംബൈയില്‍ കൂട്ട മരംമുറി; വ്യാപക പ്രതിഷേധം, സര്‍ക്കാര്‍ പ്രതിരോധത്തില്‍

തുടർന്ന് മുംബൈയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശത്തെ മരങ്ങളാണ് വ്യാപകമായി നശിപ്പിക്കുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തര്‍ പ്രതിഷേധം സമരം സംഘടിപ്പിക്കുകയായിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെയാണ് ആരേ കോളനിയില്‍ വിന്യസിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികളെപ്പോലും പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഈ വിഷയത്തില്‍ ഒക്ടോബര്‍ 10നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസ് പരിഗണിക്കും. അതിന് മുമ്പായി മരങ്ങള്‍ മുറിച്ചുമാറ്റാനാണ് മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍റെ തീരുമാനമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഇതിന് പിന്നാലെ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി ശിവസേന നേതാവ് ആദിത്യ താക്കറെ രംഗത്തെത്തിയിരുന്നു. രാത്രിയുടെ മറവില്‍ മരം മുറിക്കുന്നത് ഭീരുത്വമാണെന്ന് അദ്ദേഹം ആരോപിച്ചു. മെട്രോ പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ മരം മുറിക്കുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് പ്രീതി ശര്‍മ മേനോന്‍ ആരോപിച്ചു. അതേസമയം, ആരേ കോളനിയിലെ മരങ്ങൾ മുറിക്കുന്നതിനെ പിന്തുണച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ പരിസ്ഥിതിയും വികസനവും ഒന്നിച്ചുകൊണ്ടുപോകണമെന്ന് അഭിപ്രായപ്പെട്ടു.