കൊല്‍ക്കത്ത: പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ ഉപയോഗിക്കുന്ന അക്ഷരമാല പുസ്തകത്തില്‍ ശരീരത്തിന്‍റെ നിറത്തെ പരാമര്‍ശിച്ച അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് അധ്യാപികമാരെയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തത്. ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിക്കുന്ന പുസ്തകത്തിലാണ് മോശം പരാമര്‍ശമുണ്ടായത്. യു എന്ന ഇംഗ്ലീഷ് അക്ഷരത്തിന് അഗ്ലീ (വിരൂപമായ  എന്ന് അര്‍ത്ഥം വരുന്ന പദം) എന്ന വാക്കാണ് അക്ഷരമാല പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കറുത്ത നിറത്തിലുള്ള ആണ്‍കുട്ടിയുടെ ചിത്രമാണ് ഈ വാക്കിനൊപ്പം പുസ്തകത്തില്‍ നല്‍കിയിരുന്നത്. വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ച പുസ്തകങ്ങളില്‍ ഉള്‍പ്പെട്ടതല്ല ഈ പുസ്തകം. എന്നാല്‍ സ്കൂള്‍ തന്നെ തയ്യാറാക്കിയതാണെന്നും ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. ''കുട്ടികളുടെ മനസ്സില്‍ മുന്‍വിധികള്‍ ഉണ്ടാക്കുന്നതിനോട് ഒരു ശതമാനം പോലും ക്ഷമിക്കില്ല'' - മന്ത്രി പറഞ്ഞു. 

രണ്ട് അധ്യാപികമാരാണ് ഈ പ്രൈമറി സ്കൂള്‍ നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇവര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ലോക്ക്ഡൗണ്‍ കാരണം അടച്ചിരിക്കുകയാണ് ഈ സ്കൂള്‍. സ്കൂള്‍ തയ്യാറാക്കിയ അക്ഷരമാല പുസ്തകം ഉപയോഗിച്ച് വിദ്യാര്‍ത്ഥികളിലൊരാളെ രക്ഷിതാവ് പഠിപ്പിക്കുന്നതിനിടയിലാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ പിതാവ് മറ്റ് രക്ഷിതാക്കളെ അറിയിക്കുകയും വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു.