കോലമിട്ടുകൊണ്ടിരുന്നവരുടെ മുകളിലൂടെ ഇടിച്ച് കയറിയ കാർ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്. കാർ ഓടിച്ചിരുന്ന കൌമാരക്കാരൻ അപകടത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു

ഇൻഡോർ: വീട്ടുമുറ്റത്ത് കോലമിട്ടിരുന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി. പരിചയക്കാരന്റെ കാറുമായി കറങ്ങാനിറങ്ങിയ കൌമാരക്കാൻ കസ്റ്റഡിയിൽ. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കോലം വരച്ചുകൊണ്ടിരുന്ന 21കാരിക്കും 14കാരിക്കുമാണ് സംഭവത്തിൽ പരിക്കേറ്റത്. കോലമിട്ടുകൊണ്ടിരുന്നവരുടെ മുകളിലൂടെ ഇടിച്ച് കയറിയ കാർ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്. പിന്നാലെ ആഡംബര കാർ ഓടിച്ചിരുന്ന കൌമാരക്കാരൻ കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

പ്രിയാൻശി പ്രജാപത് എന്ന 21കാരിയും നവ്യാ പ്രജാപത് എന്ന 14കാരിയേയും ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇൻഡോറിലെ എയറോഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ കാർ ഇവരുടെ മേലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിനോദ് കുമാർ മീന ചൊവ്വാഴ്ച വിശദമാക്കിയത്. 

Scroll to load tweet…

അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 17കാരനെ ബെത്മ മേഖലയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കൌമാരക്കാൻ ഓടിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു. കൌമാരക്കാരന്റെ പ്രായം സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഇതിന് പിന്നാലെ തക്കതായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വിശദമാക്കി. അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സമീപത്തെ കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം