പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ബിഎസ്എഫ് നടത്തിയ പരിശോധനയിൽ 20 കിലോ സ്വർണ്ണ ബിസ്‌ക്കറ്റുകൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിൽ, മുളങ്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. 

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിൽ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിക്ക് സമീപം സുരക്ഷാ സേന (ബിഎസ്എഫ്) 20 കിലോ സ്വർണ്ണ ബിസ്‌ക്കറ്റുകൾ പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃത സ്വർണം പിടിച്ചെടുത്തത്. അതിർത്തിക്കടുത്തുള്ള മുസ്ലീംപാറയിൽ നിന്നുള്ള ആളാണ് പിടിയിലായത്. ഇയാൾ ബംഗ്ലാദേശിൽ നിന്ന് കൊണ്ടുവന്ന അനധികൃത സ്വർണ്ണം ഹൊറണ്ടിപൂർ പ്രദേശം വഴി കടത്താൻ പദ്ധതിയിടുന്നതായി ബിഎസ്എഫ് 32 ബറ്റാലിയന് ലഭിക്കുകയായിരുന്നുവെന്ന് അവർ അറിയിച്ചു. ഡ്യൂട്ടിയിലുള്ള ജവാൻമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നതായും പ്രസ്താവനയിൽ പറയുന്നു.

Scroll to load tweet…

ശനിയാഴ്ച രാവിലെ 6:00 മണിയോടെ പ്രദേശത്തെ ഇടതൂർന്ന മുളങ്കാടിന് പിന്നിലേക്ക് ഒരാൾ നീങ്ങുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. ഉടൻ തന്നെ ഇയാളെ വളഞ്ഞിട്ട് പിടികൂടി. പരിശോധനയിൽ ഒരു പ്ലാസ്റ്റിക് പാക്കറ്റ് കണ്ടെടുത്തു. തുറന്നപ്പോൾ അതിൽ ഏകദേശം 2.82 കോടി രൂപ വിലമതിക്കുന്ന 20 സ്വർണ്ണ ബിസ്‌ക്കറ്റുകൾ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഹൊറണ്ടിപൂർ ബിഒപിയിലേക്ക് കൊണ്ടുവന്നു. പിടിച്ചെടുത്ത സ്വർണ്ണ ബിസ്‌ക്കറ്റുകളും പിടിയിലായ ആളെയും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി പ്രസ്താവനയിൽ പറയുന്നു.