മീററ്റ്: കൊവിഡ് 19 വ്യാപനം തടയാന്‍ നടപ്പാക്കിയ ലോക്ക് ഡൌണ്‍ കുറ്റകൃത്യങ്ങള്‍ കുറയാന്‍ ഇടയാക്കിയതായി മീററ്റ് പൊലീസ്. ലോക്ക് ഡൌണ്‍ മൂലം ഇരുപത്തിയഞ്ച് ശതമാനം വരെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായാണ് പൊലീസ് പറയുന്നത്. 

കൊലപാതകവും കൊള്ളയും അടക്കമുള്ള വലിയ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 20-25 ശതമാനം കുറവാണ് മാർച്ചില്‍ രേഖപ്പെടുത്തിയത്. ലോക്ക് ഡൌണില്‍ 24 മണിക്കൂറും പരിശോധന ശക്തമാക്കിയതാണ് കാരണം. ക്രിമിനിലുകള്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത് ഗുണകരമായെന്നും എഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി. 

കുടുംബവഴക്കുകളെ തുടർന്നും അയല്‍ക്കാർ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലവുമുള്ള കൊലപാതകങ്ങള്‍ അരങ്ങേറുന്നുണ്ട് എന്നും അദേഹം വ്യക്തമാക്കി. എന്നാല്‍ പ്രൊഫഷണല്‍ ഗുണ്ടാ സംഘങ്ങള്‍ സൃഷ്ടിക്കുന്ന അക്രമങ്ങള്‍ കുറഞ്ഞെന്നും അദേഹം കൂട്ടിച്ചേർത്തു.

ലോക്ക് ഡൗണ്‍ കാലത്ത് കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവ് കേരളത്തിലുമുണ്ടായിട്ടുണ്ട്. കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൌണ്‍ കാരണം ആർക്കും പുറത്തിറങ്ങാന്‍ കഴിയാത്തതും 24 മണിക്കൂർ പൊലീസ് പരിശോധന എല്ലായിടത്തും കർശനമായതുമാണ് ഈ മാറ്റത്തിന് കാരണം.  

Read more: ലോക്ക് ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് കുറ്റകൃതൃങ്ങളില്‍ വന്‍ കുറവ് 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക