ബംഗളൂരുവിൽ ഹോട്ടൽ ബാൽക്കണിയിൽ നിന്ന് ഡ്രെയിനേജ് പൈപ്പിലൂടെ ഇറങ്ങാൻ ശ്രമിച്ച 21-കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ശബ്ദശല്യത്തെ തുടർന്ന് പോലീസ് എത്തിയപ്പോൾ പരിഭ്രാന്തയായ യുവതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. 

ബംഗളൂരു: ബംഗളൂരുവിലെ ഒരു ഹോട്ടൽ ബാൽക്കണിയിൽ നിന്ന് ഡ്രെയിനേജ് പൈപ്പിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ യുവതിക്ക് ഗുരുതര പരിക്ക്. 21 വയസുള്ള യുവതിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ശബ്‍ദ ശല്യം സംബന്ധിച്ച പരാതിയെ തുടർന്ന് പൊലീസ് ഹോട്ടലിൽ എത്തിയതിന് പിന്നാലെയാണ് യുവതി ഈ സാഹസം കാട്ടിയത്. യുവതിയുടെ പിതാവ് ആന്‍റണി നൽകിയ പരാതി പ്രകാരം, മകളും ഏഴ് സുഹൃത്തുക്കളും പാർട്ടിക്ക് വേണ്ടിയാണ് ബ്രൂക്ക്ഫീൽഡിലെ സീ എസ്റ്റ ലോഡ്ജിൽ എത്തിയത്.

സംഘം മൂന്ന് മുറികൾ ബുക്ക് ചെയ്യുകയും പുലർച്ചെ ഒരു മണി മുതൽ അഞ്ച് മണി വരെ പാർട്ടി നടത്തുകയും ചെയ്തു.പാർട്ടിയുടെ ശബ്‍ദവും ശല്യവും കാരണം പ്രദേശവാസികൾ 112 ഹെൽപ്പ് ലൈനിൽ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ലോഡ്ജിൽ എത്തുകയും ഉച്ചത്തിലുള്ള ബഹളം സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞ് സംഘത്തെ ശാസിക്കുകയും ചെയ്തു. പൊലീസ് യുവാക്കളിൽ നിന്ന് പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് ഇടപെടലിന് ശേഷം, പരിഭ്രാന്തയായ യുവതി നാലാം നിലയിലെ മുറിയിൽ നിന്ന് ബാൽക്കണിയിലെ ഡ്രെയിനേജ് പൈപ്പിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില ഗുരുതരമാണ്.

ലോഡ്ജ് ഉടമക്കെതിരെ കേസ്

സംഭവത്തെ തുടർന്ന് യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സീ എസ്റ്റ ലോഡ്ജ് ഉടമക്കെതിരെ പൊലീസ് കേസെടുത്തു. ബാൽക്കണിയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നാണ് ലോഡ്ജ് മാനേജ്‌മെന്‍റിനെതിരെയുള്ള പ്രധാന ആരോപണം. യുവതിയുടെ സുഹൃത്തുക്കൾ, ലോഡ്ജ് ജീവനക്കാർ, സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ചോദ്യം ചെയ്ത് നീതി ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നതിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.