ചികിത്സയ്ക്കായി ബെംഗളൂരുവിലെ ക്ലിനിക്കിലെത്തിയ 21 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 56-കാരനായ ഡെർമറ്റോളജിസ്റ്റ് ഡോ. പ്രവീൺ അറസ്റ്റിൽ. യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരു: ചികിത്സയ്ക്കായി തന്റെ ക്ലിനിക്കിലെത്തിയ 21 വയസുകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡെർമറ്റോളജിസ്റ്റ് അറസ്റ്റിൽ. ബെംഗളൂരുവിൽ ആണ് സംഭവം. ഒക്ടോബർ 18 ന് ചർമ്മ അണുബാധയെത്തുട‌ന്നാണ് 56 വയസുകാരനായ ഡോ. പ്രവീണിനെ കാണാൻ പോയതെന്നും അവിടെ വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. പരിശോധനയ്ക്കിടെ ഡോ. പ്രവീൺ നിർബന്ധിച്ച് യുവതിയോട് വസ്ത്രങ്ങൾ അഴിക്കാൻ പറഞ്ഞു. പരിശോധനയുടെ ഭാ​ഗമായാണ് വസ്ത്രമഴിക്കാൻ പറഞ്ഞതെന്ന് കരുതിയ യുവതി ഒടുവിൽ അതിന് സമ്മതിക്കുകയായിരുന്നു. 

എന്നാൽ ഇതിന് ശേഷം അനുചിതമായ സ്പർശനം, ആലിംഗനം, ചുംബനം എന്നിവ പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി യുവതിയുടെ പരാതി. പിന്നീട് പ്രതി യുവതിയോട് അസഭ്യം പറയുകയും ഒരു ഹോട്ടലിൽ വന്ന് കാണണമെന്നും പറഞ്ഞു. ഇതിന് ശേഷം, സംഭവത്തെക്കുറിച്ച് സ്ത്രീ ഉടൻ തന്നെ തന്റെ കുടുംബത്തെ അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. പരാതിയെത്തുടർന്ന്, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 75 (ലൈംഗിക പീഡനം), സെക്ഷൻ 79 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള സംസാരം, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ കുറ്റാരോപിതനായ ഡോക്ടറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.