രണ്ട് കോടിയോളം രൂപയുടെ കടബാധ്യതയാണ് 22 വയസുകാരന്റെ ഓൺലൈൻ ചൂതാട്ടം കാരണമായി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. 

അമരാവതി: ഓൺലൈൻ ചൂതാട്ടത്തിലൂടെ 22 വയസുകാരൻ വരുത്തിവെച്ച കോടികളുടെ സാമ്പത്തിക ബാധ്യത തീർക്കാനാവാതെ ദമ്പതികൾ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ നണ്ട്യാല ജില്ലയിലുള്ള അബ്ദുല്ലപുരം ഗ്രാമത്തിലാണ് സംഭവം. പൊലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

അബ്ദുല്ലപുരം സ്വദേശികളായ യു മഹേശ്വർ റെഡ്ഡിയും (45) ഭാര്യയുമാണ് ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലെ തങ്ങളുടെ ഫാമിൽ വെച്ച് ജീവനൊടുക്കിയത്. ശീതള പാനീയത്തിൽ കീടനാശിനി കല‍ർത്തിയ ശേഷം അത് കുടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നതെന്ന് പ്രദേശത്തെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ആ രമാൻജി നായക് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. 

മകൻ ഉണ്ടാക്കിവെച്ച കോടികളുടെ സാമ്പത്തിക ബാധ്യത തീർക്കാനാവാതെ വന്നപ്പോഴാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടിയോളം രൂപയുടെ കടമാണ് മകന് ഉണ്ടായിരുന്നത്. ഇത് തീർക്കാനായി തന്റെ പേരിലുള്ള അഞ്ച് ഏക്കർ ഭൂമി മഹേശ്വർ റെഡ്ഡി വിറ്റു. ശേഷിക്കുന്ന ബാധ്യത തീർക്കുന്നതിന് നാട്ടുകാരുടെ മദ്ധ്യസ്ഥതയിൽ ഉണ്ടാക്കിയ ധാരണ പ്രകാരം വീടും മറ്റ് ആസ്തികളും വിൽക്കുകയും ചെയ്തു. 

കഴിഞ്ഞ ആറ് മാസമായി ദമ്പതികൾ ഒരു ബന്ധുവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. മകൻ ഹൈദരാബാദിലാണ് താമസം. മകൻ കടം വാങ്ങിയവരിൽ നിന്നുള്ള സമ്മ‍ർദ്ദം താങ്ങാനാവാതെ വന്നപ്പോഴാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം