ബെംഗളൂരു:  സ്വയരക്ഷയ്ക്കായി പെപ്പർ സ്പ്രേ  പ്രയോഗിക്കാൻ ശ്രമിച്ച യുവതിയെ യുവാവ് സ്റ്റീൽബോട്ടിൽ കൊണ്ട് മുഖത്തടിച്ച്  പരിക്കേൽപ്പിച്ചു.  ഭോപ്പാൽ സ്വദേശിനിയും 22 കാരിയുമായ സോഫ്ട്‍വെയര്‍ എൻജിനീയറാണ് ആക്രമണത്തിനിരയായത്. യുവതിയെ ആക്രമിച്ച് യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. തനിസാന്ദ്രയിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന യുവതി രാത്രി ജോലികഴിഞ്ഞ് തിരികെ പോകുമ്പോഴാണ് അക്രമത്തിനിരയായത്. ഓഫീസിൽ നിന്നും റാച്ചെനഹള്ളി ഗേറ്റ് വഴി പുറത്തു കടന്ന യുവതിയെ തനിസാന്ദ്രയിലെ താമസ സ്ഥലത്ത് എത്തുന്നതിന് കുറച്ചു മുൻപായി 20 വയസ്സു തോന്നിക്കുന്ന യുവാവ് പിന്തുടരുകയായിരുന്നു.

യുവാവ് തന്‍റെ സമീപമെത്തിയെന്നു തോന്നിയപ്പോൾ സ്വരക്ഷയ്ക്കായി കൈയ്യിലുണ്ടായിരുന്ന പെപ്പർ സ്പ്രേ പുറത്തെടുത്തെങ്കിലും അതിനു മുൻപു തന്നെ  അക്രമി കൈയിലുണ്ടായിരുന്ന സ്റ്റീൽ ബോട്ടിലുകൊണ്ട് മുഖത്ത് ശക്തിയായി അടിച്ച് പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. 

താടിയെല്ലിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ യുവതിയെ വിവരമറിഞ്ഞെത്തിയ പിജി സെന്‍റർ ഉടമയാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കു ശേഷം യുവതി ഞായറാഴ്ച്ച ആശുപത്രി വിട്ടു. 

യുവതിയ്ക്ക് ഓഫീസ് അധികൃതർ വാഹന സൗകര്യം നൽകിയിരുന്നില്ല. പല തവണ അപേക്ഷിച്ചിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടായില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു. യുവതി അക്രമത്തിനിരയായ സ്ഥലത്ത് തെരുവു വിളക്കുകൾ ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.