ദില്ലി: ദില്ലി സംസ്ഥാനത്തെ ജനസംഖ്യയില്‍ 23 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്ന് സര്‍വേ റിഫലം. സെറോ-പ്രിവേലന്‍സ് സര്‍വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇവരെ പഠനത്തിനും സര്‍വേക്കുമായി നിയോഗിച്ചത്. കൊവിഡ് വ്യാപനം തുടങ്ങി ആറ് മാസം പിന്നിടുമ്പോള്‍ ദില്ലിയിലെ 23.48 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്ന് സര്‍വേ ഫലം പറയുന്നു.

ജനസാന്ദ്രതയേറിയ ഭാഗങ്ങളിലാണ് കൊവിഡ് വ്യാപനമേറെയുണ്ടായതെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1.9കോടിയാണ് ദില്ലിയിലെ ജനസംഖ്യ. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളുമായാണ് സെറോ പ്രിവിലെന്‍സ് പഠനം നടത്തിയത്.  ജൂണ്‍ 27 മുതല്‍ ജൂലായ് 10വരെ 21387 സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. 

പഠനത്തിന്റെ ഭാഗമായി റാന്‍ഡമായി ആന്റിബോഡി ടെസ്റ്റ് നടത്തിയവരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഫലപ്രദമായ ലോക്ക്ഡൗണ്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍, നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് സര്‍വേ സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ദില്ലി ജനസംഖ്യയിലെ വലിയൊരു വിഭാഗം ഇപ്പോഴും രോഗബാധക്ക് സാധ്യതയുള്ളവരാണെന്നും മന്ത്രാലയം പറഞ്ഞു. രോഗമുക്തി നേടിയവരില്‍ ആന്റിബോഡി ടെസ്റ്റായ സെറോളജി ടെസ്റ്റും ആന്റിജന്‍ ടെസ്റ്റും നടത്തി. ആന്റിജന്‍ ടെസ്റ്റില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവര്‍ക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. മെയില്‍ ഐസിഎംആര്‍ 21 സംസ്ഥാനങ്ങളിലെ 83 ജില്ലകളില്‍ പൈലറ്റ് സെറോ സര്‍വേ നടത്തിയിരുന്നു.