റോഡിൽ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ അബദ്ധത്തിൽ ചവിട്ടി, 23 കാരിയും കൈക്കുഞ്ഞും ഷോക്കേറ്റ് മരിച്ചു
കൈക്കുഞ്ഞുമായി നടന്ന് പോകവേ വൈറ്റ്ഫീൽഡ് ഏരിയയിൽ റോഡരികിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു.

ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ അബദ്ധത്തിൽ ചവിട്ടി യുവതിക്കും ഒമ്പത് മാസം പ്രായമുള്ള മകൾക്കും ദാരുണാന്ത്യം. ബംഗളൂരു സ്വദേശിനിയായ യുവതിയും കുഞ്ഞുമാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. 23-കാരിയായ സൗന്ദര്യ, ഒൻപത് മാസം പ്രായമുള്ള മകൾ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്ന് ബെംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
തമിഴ്നാട്ടിൽ നിന്നും ട്രെയിവിൽ ബെംഗളൂരുവിലെത്തിയ ഇരുവരും വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൈക്കുഞ്ഞുമായി നടന്ന് പോകവേ വൈറ്റ്ഫീൽഡ് ഏരിയയിൽ റോഡരികിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാൽ യുവതി വൈദ്യുതി കമ്പി കാണാനാവാതെ ചവിട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമം.
സംഭവത്തിൽ കടുഗോഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ ഷോക്കേറ്റ് മരിച്ച് കിടക്കുന്ന അമ്മയെയും മകളെയുമാണ് കണ്ടത്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്, ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് വരികയാണ്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശിവകുമാർ ഗുണാരെ വ്യക്തമാക്കി.