പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി, പിന്നീട് ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ചികിത്സയ്ക്കിടെ കാജൽ മരിച്ചു. അമ്മയുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
ലഖ്നൗ: ഉത്തർപ്രദേശിലെ കുശിനഗറിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്കും മാതാവിനും നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ കാജൽ (23) എന്ന യുവതി മരിച്ചു. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ലീലാവതി ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽക്കൂര വഴി വീടിനുള്ളൽ കയറിയ അജ്ഞാതനായ ഒരാൾ ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരുടെയും മേൽ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രി രാംകോള പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മോർവാൻ പ്രദേശത്താണ് ആക്രമണം നടന്നത്.
കാജലിന്‍റെയും അമ്മയുടേയും നിലവിളി കേട്ട് ലീലാവതിയുടെ ഭർത്താവ് പ്രഭുനാഥ് യാദവ് ഓടിയെത്തിയപ്പോഴെയ്ക്കും പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി, പിന്നീട് ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ചികിത്സയ്ക്കിടെ കാജൽ മരിച്ചു. അമ്മയുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഗോരഖ്പൂർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ്, പൊലീസ് സൂപ്രണ്ട്, അഡീഷണൽ പൊലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


