മഹാരാഷ്ട്ര ബീഡ് സ്വദേശിയായ പൂജ ചവാനാണ് പുണെയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന് പഠിക്കുകയായിരുന്നു പൂജ. 

മുംബൈ: 23കാരിയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്ന് മഹാരാഷ്ട്ര വനം മന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചു. യുവതിയുടെ മരണത്തില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാരോപിച്ച് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് അദ്ദേഹം രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.

'യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞാന്‍ ആരോപിതനായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടെന്ന് കരുതുന്നില്ല. അന്വേഷണം നടത്താന്‍ ഞാന്‍ ആവശ്യപ്പെടും. സത്യം പുറത്തുവരട്ടെ'-അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ബീഡ് സ്വദേശിയായ പൂജ ചവാനാണ് പുണെയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന് പഠിക്കുകയായിരുന്നു പൂജ. ഇതിനിടെയാണ് ഫെബ്രുവരി എട്ടിന് യുവതി ആത്മഹത്യ ചെയ്തത്.

രണ്ട് ദിവസത്തിന് ശേഷം യുവതിയുടെ മരണത്തെക്കുറിച്ച് രണ്ട് പേര്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പ്രചരിച്ചിരുന്നു. ഇതില്‍ ഒരാളുടെ ശബ്ദം മന്ത്രിയുടേതാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ശിവസേന ഇക്കാര്യം നിഷേധിച്ചിരുന്നു. പരാതിയുമായി യുവതിയുടെ കുടുംബവും രംഗത്തെത്തിയിട്ടില്ല.