പ്രോക്സി നെറ്റ്‌വർക്കുകളും വിപിഎന്നും ഉപയോഗിച്ച് നിർമ്മിച്ച 5 ലക്ഷത്തോളം വ്യാജ ഇമെയിൽ വിലാസങ്ങൾ അടങ്ങിയ എക്സൽ ഫയലുകൾ പ്രതിയുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെടുത്തു. പ്രമുഖ സ്‌കൂളുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ബോംബ് ഭീഷണി സന്ദേശങ്ങൾ അയക്കാൻ ഇയാൾ വിറ്റ ഇ-മെയിൽ ഐഡികളാണ് ഉപയോഗിച്ചിരുന്നത്.

ലക്നൗ: വ്യാജ ഇ-മെയിൽ വിലാസങ്ങൾ നിർമിച്ച് പാക്കിസ്ഥാൻ, ബംഗ്ലദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉള്ളവർക്ക് വിൽക്കുന്ന യുവാവ് ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേനയുടെ പിടിയിൽ. കാൺപുർ സ്വദേശിയായ അങ്കിത് ശംഖ്‌വാറാണ് (24) എടിഎസിന്‍റെ പിടിയിലായത്. രാജ്യത്തെ പ്രമുഖ സ്‌കൂളുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണ് അങ്കിത് അറസ്റ്റിലായത്. ഇയാൾ നിർമിച്ച് വിറ്റിരുന്ന ഇ-മെയിൽ വിലാസങ്ങൾ നോയിഡ, ഡൽഹി, ഗുരുഗ്രാം, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന കേന്ദ്രങ്ങൾക്കും സ്കൂളുകൾക്കും നേരെ ബോംബ് ഭീഷണി അയയ്ക്കാനാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പ്രതിയിൽ നിന്നും ഒരു മൊബൈൽ ഫോണും ലാപ്ടോപും പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹി-എൻസിആർ, മുംബൈ, നോയിഡ തുടങ്ങിയ നഗരങ്ങളിലെ സ്കൂളുകൾക്കും ഗായകൻ ദിൽജിത് ദൊസാഞ്ചിന്റെ സംഗീത പരിപാടിക്കും ബോളിവുഡ് താരത്തിന്റെ വീടിനും നേരെ വന്ന ബോംബ് ഭീഷണികളെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രോക്സി നെറ്റ്‌വർക്കുകളും വിപിഎന്നും ഉപയോഗിച്ച് നിർമ്മിച്ച 5 ലക്ഷത്തോളം വ്യാജ ഇമെയിൽ വിലാസങ്ങൾ അടങ്ങിയ എക്സൽ ഫയലുകൾ പ്രതിയുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെടുത്തു. ഒക്ടോബർ 23ന് മുംബൈയിലെ മേയർ ഓഫിസിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ച ‘smithjohnson6889@gmail.com’ എന്ന ഇമെയിലും ഇക്കൂട്ടത്തിലുണ്ട്.

2021 മുതൽ അങ്കിത് വ്യാജ ഇമെയിൽ ഐഡികൾ നിർമിക്കുന്നുണ്ടെന്നാണ് വിവരം. ഈ വ്യാജ അക്കൗണ്ടുകൾ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകൾ വഴി പാകിസ്താൻ, ബംഗ്ലാദേശ്, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ആളുകൾക്ക് പ്രതി വിൽക്കുകയായിരുന്നു. ഇതിന് പകരമായി ക്രിപ്‌റ്റോ കറൻസി വഴിയാണ് പണം സ്വീകരിച്ചിരുന്നത്. ബംഗ്ലാദേശ് സ്വദേശിയായ അലാമിൻ ഇസ്ലാം എന്നയാൾക്ക് പ്രതി അയച്ചുനൽകിയ ഇമെയിൽ ഐഡി ഉപയോഗിച്ചാണ് നോയിഡയിലെ സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം പോയതെന്ന് അന്വേഷണസംഘം കണ്ടെത്തി. ക്രിപ്റ്റോ കറൻസിയുടെ രൂപത്തിലാണ് ഇയാൾ പ്രതിഫലം വാങ്ങിയിരുന്നത്. പ്രതിക്ക് 6,000 യുഎസ്ഡിറ്റി (ക്രിപ്റ്റോ കറൻസി) പ്രതിഫലമായി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി എടിഎസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.