Asianet News MalayalamAsianet News Malayalam

'ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 250 ഭീകരർ': ആദ്യപ്രതികരണവുമായി അമിത് ഷാ

പുൽവാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറയുന്നത്. ഇതുവരെ ഇന്ത്യ മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ട് പോലുമില്ല. 

250 terrorists killed in balakot airstrikes says amit shah in an election rally
Author
Ahmedabad, First Published Mar 4, 2019, 10:44 AM IST

അഹമ്മദാബാദ്: ബാലാകോട്ട് പ്രത്യാക്രമണത്തിൽ 250 ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. പുൽവാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറയുന്നത്. ഇതുവരെ ഇന്ത്യ മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അമിത് ഷാ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത്. 

നേരത്തേ, ബാലാകോട്ട് ആക്രമണത്തെയും പുൽവാമ ഭീകരാക്രമണത്തെയും രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് ചോദിക്കുന്നതിലൂടെ പ്രതിപക്ഷം സായുധസേനയുടെ ആത്മവീര്യം തകർക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം. കേന്ദ്രമന്ത്രി എസ് എച്ച് അലുവാലിയയാകട്ടെ മാധ്യമപ്രവർത്തകരോട് ചോദിച്ചത് ബാലാകോട്ടിൽ 300 തീവ്രവാദികൾ മരിച്ചെന്ന് നരേന്ദ്രമോദി നിങ്ങളോട് പറഞ്ഞോ, എന്നാണ്. ഭീകരതയ്ക്ക് കൃത്യമായ മറുപടി നൽകുകയായിരുന്നു ഉദ്ദേശമെന്നും യഥാർഥത്തിൽ മരണം എത്രയെന്ന് അന്വേഷിക്കുകയാണെന്നുമാണ് അലുവാലിയ പറഞ്ഞത്.

അഹമ്മദാബാദിൽ നടന്ന 'ലക്ഷ്യ ജീതോ' എന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ ശക്തമായ മറുപടി നൽകിയെന്ന് അമിത് ഷാ പറഞ്ഞത്. ''ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ കയറി മിന്നലാക്രമണം നടത്തി. പുൽവാമ ഭീകരാക്രമണത്തിന് ശേഷം മിന്നലാക്രമണം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ എന്താണുണ്ടായത്? പാകിസ്ഥാനിൽ കയറി ഇന്ത്യൻ വ്യോമസേന ബാലാകോട്ടിൽ 250 ഭീകരരെ വധിച്ചു. ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചു വരികയും ചെയ്തു'', അമിത് ഷാ പറഞ്ഞു.

അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സായുധ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ മറുപടി നൽകിയ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അമിത് ഷാ പറയുന്നു. ''നേരത്തെ നമ്മുടെ ജവാൻമാരുടെ തലയറുത്തിരുന്നു പാകിസ്ഥാൻ. ഇപ്പോൾ നമ്മുടെ അതിർത്തി കടന്ന് വന്ന പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് അധീന കശ്മീരിൽ പെട്ടുപോയ നമ്മുടെ ജവാനെ 30 മണിക്കൂറുകൾക്കുള്ളിൽ തിരിച്ചു കിട്ടി.'' എന്ന് അമിത് ഷാ. 

ഇതിനെതിരെ കോൺഗ്രസുൾപ്പടെയുള്ള പാർട്ടികൾ രംഗത്തു വന്നു കഴിഞ്ഞു. എയർ വൈസ് മാർഷൽ ആർജികെ കപൂർ തന്നെ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് പറയാനാകില്ലെന്ന് പറയുമ്പോൾ അമിത് ഷായ്ക്ക് മാത്രം ഈ കണക്ക് എവിടെ നിന്ന് കിട്ടിയെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ചോദിക്കുന്നു.

ബാലാകോട്ട് വ്യോമാക്രമണത്തിന് തെളിവെവിടെയെന്ന് നേരത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ചോദിച്ചിരുന്നു.

രാജ്യാന്തര മാധ്യമങ്ങൾ പറഞ്ഞതെന്ത്?

ഫെബ്രുവരി 26-നാണ് ഇന്ത്യ പാക് അതിർത്തി ലംഘിച്ച് ഖൈബർ പഖ്‍തുൻഖ്‍വ പ്രവിശ്യയിലെ ബാലാകോട്ടിലേക്ക് കയറി പ്രത്യാക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദ് പരിശീലന ക്യാംപിന് നേരെയായിരുന്നു ആക്രമണം. പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക് അധീന കശ്മീരിൽ ഉണ്ടായിരുന്ന ഭീകരക്യാംപുകളിലെ തീവ്രവാദികളെ പാകിസ്ഥാന്‍റെ പ്രവിശ്യക്ക് അകത്തേക്ക് മാറ്റിപ്പാർപ്പിച്ചെന്ന ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ ഭാര്യാസഹോദരൻ യൂസുഫ് അസറിന്‍റെ നേരിട്ടുള്ള നേതൃത്വത്തിൽ നടന്നിരുന്ന പരിശീലനക്യാംപിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഫിദായീൻ ജിഹാദികളെ പരിശീലിപ്പിക്കുന്നുവെന്നായിരുന്നു ഇന്ത്യയ്ക്ക് കിട്ടിയ ഇന്‍റലിജൻസ് വിവരങ്ങൾ.

ഇത് പാകിസ്ഥാന് നേരെയുള്ള സൈനികനീക്കമല്ലെന്നും ഇന്ത്യയിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് പരിശീലനം നടത്തിയിരുന്ന ജയ്ഷെ തീവ്രവാദികളെ ആക്രമിച്ച് വധിക്കുക മാത്രമായിരുന്നെന്നും ഇത് മുൻകരുതൽ മാത്രമാണെന്നുമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിശദീകരിച്ചത്. ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ തയ്യാറെടുത്തിരുന്ന തീവ്രവാദികളെ വധിക്കാനായി എന്നായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. എത്ര പേരെ വധിച്ചു എന്ന ഒരു ഔദ്യോഗിക വിശദീകരണം ഇന്ത്യ നൽകിയിരുന്നില്ല.

എന്നാൽ ഈ വാദം കള്ളമെന്നായിരുന്നു പാകിസ്ഥാന്‍റെ അവകാശവാദം. സ്ഥലത്ത് ആക്രമണമുണ്ടായ വിവരം ആദ്യം പുറത്തുവിട്ടത് പാക് പ്രതിരോധമന്ത്രാലയത്തിന്‍റെ വക്താവായ മേജർ ജനറൽ ആസിഫ് ഗഫൂറാണ്. സ്ഥലത്ത് പൈൻ മരക്കാടുകൾ നശിക്കുകയല്ലാതെ മറ്റൊരു നാശനഷ്ടവുമുണ്ടായിട്ടില്ലെന്നും ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും പാകിസ്ഥാൻ അവകാശപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടാൻ ചില ചിത്രങ്ങളും മേജർ ജനറൽ ആസിഫ് ഗഫൂർ പുറത്തുവിട്ടു.

ഇതിനെ പിന്തുണയ്ക്കുന്ന ചില റിപ്പോർട്ടുകളും പിന്നീട് പുറത്തുവന്നു. ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ സ്ഥലത്തിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നപ്പോൾ പ്രദേശത്ത് വലിയ നാശനഷ്ടമുണ്ടായതായി കാണുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. സ്ഥലത്ത് ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് പ്രദേശവാസി പറഞ്ഞതായി റോയിറ്റേഴ്സ് വാ‍ർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

 

Follow Us:
Download App:
  • android
  • ios