റായ്പൂർ: ബിസ്ക്കറ്റ് ബ്രാൻഡായ പാർലെജിയുടെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന പ്രായപൂർത്തിയാകാത്ത 26 കുട്ടികളെ മോചിപ്പിച്ചു. വെള്ളിയാഴ്ച പാർലെജിയുടെ റായ്പൂർ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കുട്ടികളെയാണ് ജില്ലാ ശിശു സംരക്ഷണ ഉദ്യോ​ഗസ്ഥർ മോചിപ്പിച്ചത്. കുട്ടികളെ ജുവനൈൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ എൻ സ്വരങ്കർ പറഞ്ഞു. 

ഫാക്ടറി മാനേജ്മെന്റിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുമെന്നും എൻ സ്വരങ്കർ വ്യക്തമാക്കി. വനിതാ ശിശു സംരക്ഷ വകുപ്പ് അധികാരികൾക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ജില്ലാ ശിശു സംരക്ഷണ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയത്. ജൂൺ പത്ത് മുതൽ നടത്തിയ പരിശോധനയിൽ 13നും 17നും ഇടയിലുള്ള 26 കുട്ടികളെയാണ് അധികൃതർ ഫാക്ടറിയിൽനിന്ന് കണ്ടെത്തി മോചിപ്പിച്ചത്. 2016-ലെ ബാലവേല ഭേദഗതി പ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികളെകൊണ്ട് ജോലി ചെയ്യിക്കുന്നത് ക്രിമിനൽ കുറ്റമാണ്.