ബിസ്മ (18), സൈക (14), സാനിയ (11) എന്നിവർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.
ജമ്മു കശ്മീർ: ഏവരെയും നടുക്കുന്ന വാർത്തയായിരുന്നു രാത്രി ഉറങ്ങാൻ കിടന്ന പെൺകുട്ടികൾ വീടിന് തീപിടിച്ച് വെന്തുമരിച്ചെന്നത്. ജമ്മു കശ്മീരിലെ അബ്ദുൾ ലത്തീഫ് എന്നയാളുടെ വീട്ടിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. ഒന്നിച്ച് ഉറങ്ങാൻ കിടന്ന സഹോദരിമാരാണ് വീടിന് തീപിടിച്ച് വെന്തുമരിച്ചത്. പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. ബിസ്മ (18), സൈക (14), സാനിയ (11) എന്നിവർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.
സംഭവം ഇങ്ങനെ
ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ധൻമസ്ത - തജ്‌നിഹാൽ ഗ്രാമത്തിലെ അബ്ദുൾ ലത്തീഫ് എന്നയാളുടെ മൂന്ന് നിലകളുള്ള വീടിനാണ് പുലർച്ചെയാണ് തീപിടിച്ചത്. സഹോദരിമാര്‍ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു. വീട് മുഴുവൻ തീ പടർന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമനസേന എത്തിയാണ് സഹോദരിമാരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരണപ്പെട്ടു എന്നതാണ്. ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാൾ രാവിലെ മരിച്ചിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വൈകുന്നേരം 7 മണിയോടെയാണ് ദിവാകരൻ മരണത്തിന് കീഴടങ്ങിയതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. എന്നാൽ ഇയാളുടെ മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല. തീവ്ര പരിചരണത്തിൽ പൊള്ളൽ ഐ സി.യുവിൽ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ സ്ഫോടകാവശിഷ്ടങ്ങളുമെത്തി. ഒരു കിലോമീറ്റർ അകലെ നിന്നും വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
