പരിക്കേറ്റ 9 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ പൊലീസ് സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ട്.
ദില്ലി : ജമ്മുകശ്മീരിൽ ദ്രാസിലെ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം. ആക്രിക്കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റൽ ഭാഗം കണ്ടെടുത്തതായി കാർഗിൽ എസ് എസ് പി വിശദീകരിച്ചു. ഇന്നലെ വൈകിട്ടുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. പരിക്കേറ്റ 9 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ പൊലീസ് സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് 6 മണിക്കാണ് കാർഗിൽ ദ്രാസിലെ ചന്തയ്ക്കകത്തെ ആക്രികടയിൽ സ്ഫോടനമുണ്ടായത്. കടയിൽ പൊട്ടാതെ കിടന്ന മോർട്ടാർ ഷെല്ലിന്റെ ഭാഗങ്ങൾ വേർപ്പെടുത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഷെല്ലിന്റെ ഭാഗങ്ങൾ പൊലീസ് പരിശോധനയിൽ കണ്ടെത്തി. കടയുടമയും മകനുമാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്. കടയ്ക്ക് സമീപത്തുണ്ടായിരുന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പരിക്കേറ്റ 12 പേരും ദ്രാസിലെ സബ്ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കടക്കാരന് ഷെൽ എവിടെ നിന്ന് ലഭിച്ചെന്നതിലടക്കം പൊലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര ഏജൻസികളും സ്ഫോടനം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
