മദ്യപാനിയായ അച്ഛനെയും, സ്വന്തം അനുജനെയും സംരക്ഷിക്കാനായി റോഡരികിൽ ഭിക്ഷയെടുത്തു വരികയാണ് പെൺകുട്ടി.
ഫരീദാബാദ് : മൂന്ന് പേർ ചേർന്ന് 16 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതായി പരാതി. കേസുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബലാത്സംഗത്തിനരയായ പെൺകുട്ടി ഗർഭച്ഛിദ്രത്തിന് വിധേയയായതായി ഫരീദാബാദ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ ചൈൽഡ് ലൈൻ സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു.
മൂന്ന് മാസം മുൻപാണ് കേസിന് ആസ്പദമായ സംഭവം. മദ്യപാനിയായ അച്ഛനെയും, സ്വന്തം അനുജനെയും സംരക്ഷിക്കാനായി റോഡരികിൽ ഭിക്ഷയെടുത്തു വരികയാണ് പെൺകുട്ടി. പെൺകുട്ടിയ്ക്ക് റോഡരികിൽ വച്ച് പലപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്തിരുന്ന ഡ്രൈവറാണ് കേസിലെ മുഖ്യപ്രതി. തന്റെ ഇളയ സഹോദരനെ കാണാനില്ലെന്ന് പെൺകുട്ടി ഓട്ടോ ഡ്രൈവറോട് പരാതി പറയുകയും അന്വേഷിക്കാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനു ശേഷം പല തവണ ഇയാളും കൂട്ടാളികളും ചേർന്ന് പലതവണ പെൺകുട്ടിയെ ഇവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നും ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞതായി പൊലീസ് കൂട്ടിച്ചേർത്തു. ഇത് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
അയൽവാസിയായ ഓട്ടോ ഡ്രൈവർ ഭക്ഷണവും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ പല തവണകളായി ബലാത്സംഗം ചെയ്തത്. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടിലേക്ക് ഇവരെത്തി പപ്പായ ഉൾപ്പെടെ നൽകുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. പെൺകുട്ടിയുടെ നില വഷളായപ്പോൾ വിഷയം ഒരു എൻജിഒ വഴി ചൈൽഡ് ഹെൽപ്പ് ലൈനിൽ എത്തുകയായിരുന്നു.
ചൈൽഡ് ഹെൽപ്പ് ലൈനിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമത്തിനും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്കും കീഴിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
