ബംഗളൂരു/ചെന്നൈ: ബംഗളൂരുവില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 46 കാരനുമായി ഇടപഴകിയവരാണ് ഇവര്‍. അതേസമയം, രോഗലക്ഷണങ്ങളെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഇന്ന് രണ്ടുപേരെ  ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ടുപേരും മലയാളികളാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ, പതിമൂന്നുകാരിയായ മകള്‍, സഹപ്രവര്‍ത്തകന്‍ എന്നിവരെയാണ് ഇന്ന് ബംഗളൂരുവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇതിനു പുറമേ ഇയാളുടെ ഡ്രൈവറും മൂന്ന് കുടുംബാംഗങ്ങളും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഓസ്റ്റിനില്‍ നിന്ന് ന്യൂയോര്‍ക്കിലെത്തി അവിടെനിന്ന് ദുബായ് വഴി ബംഗളൂരുവിലെത്തിയ വ്യക്തിയിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 

മാര്‍ച്ച് ഒന്നിനാണ് ഇയാള്‍ ബംഗളൂരുവിലെത്തിയത്. വിമാനത്താവളത്തിലെത്തി നടത്തിയ പരിശോധനയില്‍ ഇയാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. തുടര്‍ന്ന് രണ്ടു ദിവസം ഇയാള്‍ ജോലിക്ക് പോകുകയും ചെയ്തു. മാര്‍ച്ച് അഞ്ചിനാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത്. നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മധുരയില്‍ ജോലി ചെയ്യുന്ന പുനലൂര്‍ സ്വദേശിയാണ് തമിഴ്നാട്ടില്‍ ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍. ചെന്നൈ രാജാജി സർക്കാർ  ആശുപത്രിയിലാണ് ഇയാളെ  പ്രവേശിപ്പിച്ചിരിക്കുന്നത്. മധുരയിൽ ജോലി ചെയ്യുന്ന ഇയാള്‍ ഇറ്റലി, സ്വിറ്റ്സർലൻഡ്  സന്ദർശത്തിന് ശേഷം ദില്ലിയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് തിരികെയെത്തിയത്. മലേഷ്യയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ തൃശൂർ സ്വദേശിയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രണ്ടാമത്തെയാള്‍. 

ഇരുവരുടേയും രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ കാഞ്ചീപുരം സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 1200 ഓളം പേർ തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണ്. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക