ബെംഗളൂരു: കർണാടകയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയ 33 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 14 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 80 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജൂണ്‍ 25 നും ജൂലൈ 3 നും ഇടയിലായിരുന്നു കർണാടകയിൽ പത്താം ക്ലാസ് പരീക്ഷ നടന്നത്.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 9 വരെയാണ് സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാൽ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കുകയായിരുന്നു. 7.60 ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നുള്ള 3911 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അസുഖം ബാധിച്ചതിനാൽ 863 വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല.

അതേസമയം, കര്‍ണാടകയില്‍ പ്രതിദിന കൊവിഡ് കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുന്നതിനാല്‍ കാര്യമായ രോഗലക്ഷണങ്ങളുള്ളവ‍ർക്ക് മാത്രമേ ഇനി ആശുപത്രികളില്‍ ചികിത്സയുള്ളൂവെന്ന് കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു.