ബെംഗളൂരു : ബെംഗളൂരു നഗരം കൊവിഡ് മഹാമാരിയോട് പൊരുതാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കെ ആ പരിശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന തരത്തിലുള്ള ഒരു സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ച 3338 പേരെ ഐസൊലേറ്റ് ചെയ്യാനായി ശ്രമിച്ച പൊലീസിന് അവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന്  ബൃഹത് ബെംഗളൂരു മഹാനഗർ പാലികെ കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദിനെ ഉദ്ധരിച്ച് സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് ടെസ്റ്റ് സാമ്പിൾ കളക്ഷൻ സമയത്ത് ഈ വ്യക്തികൾ നൽകിയ മേൽവിലാസം വ്യാജമായിരുന്നു എന്നതാണ് അവരെ കണ്ടെത്തുന്നതിൽ നിന്ന് പൊലീസിനെ തടയുന്നത്. ഇത് നഗരത്തിലെ ആകെ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണത്തിന്റെ ഏഴു ശതമാനത്തോളം വരും ഇത്. ഇങ്ങനെ മുങ്ങിയ എല്ലാവരെയും കണ്ടെത്തി ഐസൊലേറ്റ് ചെയ്യാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കും എന്ന് കർണാടക ഉപ മുഖ്യമന്ത്രി അശ്വത് നാരായൺ പറഞ്ഞു. 

കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്തിന്റെ ഐടി തലസ്ഥാനമെന്നറിയപ്പെടുന്ന ബെംഗളൂരുവിൽ കൊവിഡ് കേസുകളുടെ എന്നതിൽ അഭൂതപൂർവമായ വർദ്ധനവ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ഇങ്ങനെ ഒരു വാർത്ത കൂടി പുറത്തുവന്നതോടെ ജനം പരിഭ്രാന്തിയിൽ ആണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ടുമാത്രം നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 11,000 പുതിയ കൊവിഡ് കേസുകളാണ്. കർണാടക സംസ്ഥാനത്തെ ആകെ കേസുകളുടെ പകുതിയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബെംഗളൂരു നഗരത്തിൽ നിന്നാണ്. 

 

 

ഇക്കൂട്ടത്തിൽ ചിലരെയൊക്കെ പൊലീസ് സഹായത്തോടെ ആരോഗ്യ വകുപ്പ് ജീവനക്കാർ കണ്ടെത്തി എങ്കിലും, ഭൂരിപക്ഷവും ഇപ്പോഴും കണ്ടെത്താനാവാത്ത അവസ്ഥയിൽ തന്നെ തുടരുകയാണ്. പലരും സാമ്പിൾ കളക്ഷൻ സമയത്ത് സ്വന്തം അഡ്രസ്സും മൊബൈൽ നമ്പറും ഒക്കെ തെറ്റിച്ചു കൊടുത്തവരാണ്. കൊവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ടുണ്ടായാൽ നേരിടേണ്ടി വന്നേക്കാവുന്ന സാമൂഹിക അവഗണന ഭയന്നാണ് പലരും ഇങ്ങനെ ചെയ്യുന്നത് എങ്കിലും ഇതുകൊണ്ടുണ്ടാവുന്ന ആഘാതങ്ങൾ വിവരണാതീതമാണ്. 

 എന്നാൽ ബെംഗളൂരു മെട്രോയുടെ ആരോഗ്യവകുപ്പ് നടത്തിയ മാസ്സ് ടെസ്റ്റിങ് ഡ്രൈവിന് ശേഷം ഫലം വരാൻ വലിയ കാലതാമസം ഉണ്ടായി എന്നും അതോടെ കൂലിപ്പണിക്കാരായ അവർ തങ്ങളുടെ നിത്യജീവിതങ്ങളിലേക്ക് മടങ്ങിപ്പോവുകയായിരുന്നു എന്നുമൊക്കെയുള്ള ആക്ഷേപങ്ങൾ സജീവമാണ്. സാമ്പിൾ ശേഖരിക്കപ്പെട്ട പലർക്കും സ്വന്തമായി മൊബൈൽ ഫോണോ കേറിക്കിടക്കാൻ സ്ഥിരമായ ഒരിടമോ ഒന്നും ഇല്ലാത്തതും ഇവരെ ട്രേസ് ചെയ്യുന്നതിന് തടസ്സമാകുന്നുണ്ട് എന്ന് പറയപ്പെടുന്നു. 

ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞ സാഹചര്യത്തിൽ, രോഗികളിൽ നിന്ന് അഡ്രസും മറ്റും ചോദിച്ച് എഴുതിയെടുക്കുന്ന പതിവ് അവസാനിപ്പിച്ച് ഗവണ്മെന്റ് നൽകുന്ന അഡ്രസ്സ് പ്രൂഫുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് അഡ്രസ്സ് എഴുതിയെടുക്കാനുള്ള നിർദേശം ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് നല്കപ്പെട്ടിട്ടുണ്ട്. അതുമാത്രമല്ല, അവർ നൽകുന്ന മൊബൈൽ ഫോൺ നമ്പറുകൾ, തൽക്ഷണം തന്നെ വിളിച്ച് ഫോൺ സാമ്പിൾ നൽകുന്നവരുടെ കയ്യിൽ ഉണ്ടെന്ന് ഉറപ്പിക്കാനും നിർദേശമുണ്ട്. ശനിയാഴ്ച മാത്രം കർണാടക സംസ്ഥാനത്ത്  ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5000 -ൽ പരം കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 മരണങ്ങളും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 30 പേരും ബെംഗളൂരു നഗരവാസികളാണ്.