ഇരുചക്രവാഹനവും അതിലുണ്ടായിരുന്ന സാധനങ്ങളും ചരിഞ്ഞ് വീണ് അയ്യപ്പന് പരിക്കേറ്റിരുന്നു. എന്നാല്‍ ആ സമയത്ത് മറ്റ് ബുദ്ധിമുട്ടുകള്‍ തോന്നാതിരുന്നതുകൊണ്ട് അയ്യപ്പന്‍ ആശുപത്രിയില്‍ പോകാതെ വീട്ടിലേക്ക് പോവുകയായിരുന്നു

വാഹനാപകടത്തില്‍ പരിക്കേറ്റ് കോമയിലായ 37 കാരന്‍ ജീവന്‍ നല്‍കിയത് 6 പേര്‍ക്ക്. തമിഴ്നാട്ടിലെ മയിലാടുംതുറയിലെ നല്ലതുകുടി സ്വദേശിയായ അയ്യപ്പനെന്ന പെട്ടിക്കട ഉടമയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 6 പേര്‍ക്ക് ജീവനേകിയത്. നവംബര്‍ 7നുണ്ടായ അപകടത്തേ തുടര്‍ന്ന് കോമയിലായ അയ്യപ്പന് മസ്തിഷ്ക മരണം സംഭവിച്ചതിന് പിന്നാലെ അവയവ ദാനം നടത്തുകയായിരുന്നു.

മരുന്ന് മേടിക്കാനായി പോവുന്നതിനിടയില്‍ മോട്ടോര്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ ഇടാന്‍ മറന്നുപോയതിനേ തുടര്‍ന്നായിരുന്നു അപകടമുണ്ടായത്. ഇരുചക്രവാഹനവും അതിലുണ്ടായിരുന്ന സാധനങ്ങളും ചരിഞ്ഞ് വീണ് അയ്യപ്പന് പരിക്കേറ്റിരുന്നു. എന്നാല്‍ ആ സമയത്ത് മറ്റ് ബുദ്ധിമുട്ടുകള്‍ തോന്നാതിരുന്നതുകൊണ്ട് അയ്യപ്പന്‍ ആശുപത്രിയില്‍ പോകാതെ വീട്ടിലേക്ക് പോവുകയായിരുന്നു. രാത്രി ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ തലചുറ്റി വീണ അയ്യപ്പന്‍ അബോധാവസ്ഥയിലാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് കോമയിലാവുകയായിരുന്നു. പിന്നാലെ അയ്യപ്പന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനേക്കുറിച്ച് തിരക്കിയതോടെ ബന്ധുക്കള്‍ അനുവാദം നല്‍കുകയായിരുന്നു. കണ്ണുകള്‍, ഹൃദയം, ഹൃദയ ധമനികള്‍, ശ്വാസകോശങ്ങള്‍, വൃക്കകള്‍, കരള്‍, പാന്‍ക്രിയാസ് എന്നിവയാണ് ദാനം ചെയ്തത്. തിരുച്ചി സ്വദേശിയായ 40കാരനാണ് വൃക്കകളിലൊന്ന് നല്‍കിയത്. അയ്യപ്പന്‍റെ സംസ്കാരം വ്യാഴാഴ്ച നടന്നു.

മയിലാടുംതുറ എംഎല്‍എ അടക്കമുള്ളവരാണ് അയ്യപ്പന്‍റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്. ബുദ്ധിമുട്ട് സമയത്തും അവയവ ദാനത്തിന് മനസ് കാണിച്ച അയ്യപ്പന്‍റെ കുടുംബത്തിന് എംഎല്‍എ നന്ദി അറിയിച്ചു. മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും ഒന്‍പതും ആറും വയസുള്ള മക്കള്‍ക്കമൊപ്പമായിരുന്നു അയ്യപ്പന്‍ കഴിഞ്ഞിരുന്നത്. അയ്യപന്‍റെ കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് എംഎല്‍എ എസ് രാജകുമാര്‍ വ്യക്തമാക്കി. അവയവ ദാനത്തേക്കുറിച്ച് സംസ്ഥാനത്ത് ബോധവല്‍ക്കരണം നടത്തുമെന്നും എംഎല്‍എ വിശദമാക്കി.