തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ദേശസാത്കൃത ബാങ്കിന്റെ ബ്രാഞ്ചിലെ 39 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചതായി ബാങ്ക് അധികൃതരും ആരോഗ്യവിഭാഗവും അറിയിച്ചത്. ബാങ്കില്‍ ഇടപാടിനായി എത്തിയവര്‍ സ്വയം കൊവിഡ് പരിശോധനക്കായി എത്തണമെന്ന് അധികൃതര്‍ അറിയിപ്പ് നല്‍കി.

ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് എല്ലാവരുടെയും പരിശോധന നടത്തിയത്. ഇയാളില്‍ നിന്നാണ് മറ്റുള്ളവരിലേക്കും രോഗം പടര്‍ന്നതെന്ന് സംശയമുണ്ട്. വയോധികരടക്കം ആയിരക്കണക്കിന് ഇടപാടുകാര്‍ കഴിഞ്ഞ ദിവസങ്ങളിലായി ബാങ്കില്‍ എത്തിയിട്ടുണ്ട്. ബാങ്കില്‍ അണുനശീകരണം നടത്തി.

സമീപ ദിവസങ്ങളില്‍ ബാങ്കില്‍ എത്തിയവരെ ബന്ധപ്പെടാന്‍ ആരോഗ്യവിഭാഗം ശ്രമിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ശനിയാഴ്ചത്തെ റിപ്പോര്‍ട്ട് പ്രകാരം 2.06 ലക്ഷം പേര്‍ക്ക് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചു.