ആഫ്രിക്കൻ രാജ്യമായ ചാഡ് ആണ് ഏറ്റവും വായു മലിനമാക്കപ്പെട്ട രാജ്യം. പാക്കിസ്ഥാൻ രാജ്യങ്ങളിൽ മൂന്നാമതാണ്

ദില്ലി: ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള അൻപത് നഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിലെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. റിപ്പോർട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്. 2021 ൽ ഇന്ത്യ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു. 

ആഫ്രിക്കൻ രാജ്യമായ ചാഡ് ആണ് ഏറ്റവും വായു മലിനമാക്കപ്പെട്ട രാജ്യം. പാക്കിസ്ഥാൻ രാജ്യങ്ങളിൽ മൂന്നാമതാണ്. മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളിൽ ദില്ലിയെ മറികടന്ന് ഇത്തവണ ചാഡിന്റെ തലസ്ഥാനമായ ജമേന ഒന്നാമതായി. മനുഷ്യരുടെ ആരോഗ്യത്തിന് ഏറ്റവും വെല്ലുവിളി വായു മലിനീകരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും മോശം വായുവുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നാമത് ലാഹോറാണ്. 2021 ൽ 15ാം സ്ഥാനത്തായിരുന്നു ലാഹോർ. ഒറ്റ വർഷത്തിനിടയിൽ 15 സ്ഥാനം പുറകോട്ട് പോയി ലോകത്തെ ഏറ്റവും മോശം വായുവുള്ള ഇടമായി ഈ പാക് നഗരം മാറി. രണ്ടാമത് ചൈനയിലെ ഹോതൻ. മൂന്നാമതുള്ള ഭിവാഡി മുതൽ തുടങ്ങി പിന്നീട് അങ്ങോട്ട് ഇന്ത്യൻ നഗരങ്ങളാണ് ബഹുഭൂരിപക്ഷവും. ദില്ലി, ധർഭംഗ, അസോപൂർ, പാറ്റ്ന, ഗാസിയാബാദ്, ധരുഹേര, ചപ്ര, മുസാഫർനഗർ, ഗ്രേറ്റർ നോയ്ഡ, ബഹാദൂർഗഡ്, ഫരീദാബാദ്, മുസാഫർപുർ, നോയ്‌ഡ, ജിന്ത്, ചർക്കി ദാദ്രി, റോഹ്തക്, ഗയ, അലംപൂർ, കുരുക്ഷേത്ര, ഭിവാനി, മീററ്റ്, ഹിസാർ, ഭഗൽപൂർ, യുമാനനഗർ, ബുലന്ദ്ഷഹർ, ഹാജിപൂർ, ഗുരുഗ്രാം, ലോഹർ, ദാദ്രി, കൈതൽ, ഫരീദ്കോട്, ഫത്തേഗഡ്, ഹാപുർ, ജയന്ത്, അംബാല, കാൻപൂർ, ഫത്തേബാദ് എന്നീ നഗരങ്ങളാണ് വായു ഏറ്റവും മലിനമായ ആദ്യ 50 നഗരങ്ങളിൽ ഉൾപ്പെട്ടത്. അതേസമയം ഇതിൽ ഒന്ന് പോലും കേരളത്തിൽ നിന്നല്ല എന്നുള്ളത് സംസ്ഥാനത്തിന് ആശ്വാസകരമാണ്.