പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡ‍നം.  കരച്ചിൽ കേട്ട് ഓടിയെത്തിയ ജനക്കൂട്ടം കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പപ്പുവിനെ കയ്യിൽ കിട്ടിയതൊക്കെ വച്ച് ആക്രമിക്കുകയായിരുന്നു. 

ഛണ്ഡീഗഡ്: വീട്ടില്‍ രക്ഷിതാക്കളില്ലാത്ത തക്കം നോക്കി ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത ആളെ ജനക്കൂട്ടം തല്ലിക്കൊന്നു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. 39 കാരനായ പപ്പു കുമാർ എന്നായാളാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജലന്ധറിലെ രാമമണ്ഡി മേഖലയിൽ ഞായാറാഴ്ചയാണ് സംഭവം നടന്നത്. ഇവിടെ ജോലിക്കായെത്തിതായിരുന്നു ഇയാൾ.

പെണ്‍കുട്ടിയുടെ മാതാപിതാക്കളും ജോലിക്കായി ജലന്ധറിലെത്തിയരാണ്. ഇവരുടെ വീടിന് സമീപം തന്നെ താമസിച്ചിരുന്ന പപ്പു, പെൺകുട്ടിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡ‍നം. കരച്ചിൽ കേട്ട് ഓടിയെത്തിയ ജനക്കൂട്ടം കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പപ്പുവിനെ കയ്യിൽ കിട്ടിയതൊക്കെ വച്ച് ആക്രമിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പീഡനത്തിനിരയാക്കപ്പെട്ട പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊലപാതകത്തിനും പീഡനത്തിനുമായി രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളെല്ലാം കീറിയ നിലയിലിയാരുന്നു. ആക്രമണത്തില്‍ കുട്ടിക്ക് പരിക്കുകളുമുണ്ട്. മദ്യലഹരിയിലായിരുന്നു പ്രതിയെന്നാണ് പൊലീസ് പറയുന്നത്.