അനുജത്തി ജനിക്കുന്നതിന് മുൻപ് പിതാവ് ജോലി സ്ഥലത്ത് ആയിരുന്ന സമയത്ത് അമ്മയ്ക്ക് മറ്റുപുരുഷൻമാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു 39കാരന്റെ ക്രൂരത
ദില്ലി: 72കാരിയായ അമ്മയ്ക്ക് അവിഹിത ബന്ധമെന്ന് ആരോപിച്ച് 39കാരനായ മകൻ ബലാത്സംഗം ചെയ്തത് രണ്ട് തവണ. 72കാരിയുടെ പരാതിയിൽ ദില്ലി പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് 72കാരി മകനെതിരെ ദില്ലി പൊലീസിൽ പരാതി നൽകിയത്. പിന്നാലെ തന്നെ മകനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അമ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ശിക്ഷയായാണ് പീഡനമെന്നുമായിരുന്നു മകൻ ക്രൂരതയ്ക്ക് നൽകിയ വിശദീകരണം. മകൻ കുട്ടിയായിരിക്കുമ്പോൾ അമ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു 39കാരൻ വിശദമാക്കുന്നത്. ബിരുദധാരിയായ 39കാരന് ഇതുവരെയും ജോലിയില്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നതായാണ് ദില്ലി സെൻട്രൽ പൊലീസീസ് ഡെപ്യൂട്ടി കമ്മീഷണർ നിധിൻ വൽസൻ വിശദമാക്കുന്നത്. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച ഭർത്താവിനും മകനും മകൾക്കും ഒപ്പം സെൻട്രൽ ദില്ലിയിലായിരുന്നു72കാരി താമസിച്ചിരുന്നത്.
ഭർത്താവിനൊപ്പം വയോധിക സൗദി അറേബ്യയിൽ തീർത്ഥാടനത്തിന് പോയപ്പോൾ അമ്മയിൽ നിന്ന് വിവാഹമോചനം നേടണമെന്നും അമ്മയുടെ സ്വഭാവം ശരിയല്ലെന്നും മകൻ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. താന്‍ കുട്ടിയായിരുന്നപ്പോള്‍, അനുജത്തി ജനിക്കുന്നതിനും മുന്‍പ് അമ്മയ്ക്ക് മറ്റ് പുരുഷന്‍മാരുമായി പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പിതാവ് ജോലിക്കായി പോയതിനാലാണ് ഇതൊന്നും അറിയിക്കാതിരുന്നതെന്നുമായിരുന്നു 39കാരൻ പിതാവിനോട് പറഞ്ഞത്. ഓഗസ്റ്റ് 1നാണ് ദമ്പതികൾ തിരിച്ച് ദില്ലിയിലെത്തിയത്. അടുത്ത ദിവസമാണ് മകൻ അമ്മയെ പീഡിപ്പിച്ചത്. പിന്നാലെ അമ്മയെ മകളുടെ വീട്ടിലേക്ക് അയയ്ക്കുകയും ആയിരുന്നു.
ഓഗസ്റ്റ് 11ന് വയോധിക തിരിച്ച് വീട്ടിലെത്തിയ സമയത്ത് അമ്മയോട് തനിച്ച് സംസാരിക്കണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയ മകൻ വീണ്ടും ഇവരെ പീഡിപ്പിച്ചു. കത്തിമുനയിൽ നിർത്തിയായിരുന്നു പീഡനമെന്നാണ് വയോധിക പൊലീസിനോട് വിശദമാക്കിയത്. നാണക്കേട് മൂലം വയോധിക വിവരം ആരോടും പറഞ്ഞില്ല. മൂന്ന് ദിവസത്തിന് ശേഷം മകൻ അതിക്രമം തുടർന്നതോടെ 72കാരി മകളുടെ സഹായത്തോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. നിന്‍റെ അമ്മയല്ലേ, തന്നോടിത് ചെയ്യരുതെന്ന് കരഞ്ഞു പറഞ്ഞിട്ടും മകൻ കേട്ടില്ലെന്നാണ് 72കാരി പരാതിയിൽ വിശദമാക്കുന്നത്.

