കൊല്‍ക്കത്ത: അമിത്ഷാ നടത്തിയ മിഡ്നാപ്പൂരിലെ റാലിയിൽ തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സിപിഎം, കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പടെ ഒമ്പത് സിറ്റിംഗ് എം.എൽ.എമാരും ഒരു തൃണമൂൽ എം.പിയും മുൻ എം.പിയും ബി.ജെ.പിയിൽ ചേര്‍ന്നതിന്‍റെ അലയൊലികള്‍ മാറും മുന്‍പ് ബംഗാളില്‍ മമതയ്ക്ക് ആശങ്കയായി പുതിയ വാര്‍ത്ത. ചില മന്ത്രിമാര്‍ മമത ചൊവ്വാഴ്ച വിളിച്ച മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നാലു മന്ത്രിമാരാണ് മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ഇതില്‍ ടൂറിസം മന്ത്രി ഗൌതം ദേവ്, ഉത്തര ബംഗാള്‍ വികസന മന്ത്രി രബീന്ദ്രനാഥ് ഘോഷ് എന്നിവര്‍ കൊവിഡ് കാലത്ത് നടന്ന ഒരു മന്ത്രിസഭ യോഗത്തിലും പങ്കെടുത്തില്ല എന്നതിനാല്‍ അസ്വഭാവികതയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിട്ടുനിന്ന മറ്റ് രണ്ട് മന്ത്രിമാരുടെ കാര്യത്തില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

ബിര്‍ഹാമില്‍ നിന്നുള്ള മത്സ്യവകുപ്പ് മന്ത്രി ചന്ദ്രനാഥ് സിന്‍ഹയും, വനം വകുപ്പ് മന്ത്രിയും ഹൌറയില്‍ നിന്നുള്ള ആളുമായ റജീബ് ബാനര്‍ജിയുമാണ് മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കാതിരുന്ന മറ്റ് രണ്ട് മന്ത്രിമാര്‍.  ഇതില്‍ റജീബ് ബാനര്‍ജിയുടെ അസാന്നിധ്യം ഏറെ രാഷ്ട്രീയ അനുമാനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ പക്ഷപാതമുണ്ടെന്ന് നേരത്തെ അഭിപ്രായപ്പെട്ട നേതാവാണ് ബാനര്‍ജി. ഇതില്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തുപോയ നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. 

അടുത്തിടെ പാര്‍ട്ടിയിലെ മുതര്‍ന്ന നേതാക്കള്‍ ബാനര്‍ജിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് അനുനയത്തിന്‍റെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്നുള്ള ബാനര്‍ജിയുടെ മന്ത്രിസഭ യോഗത്തിലെ അസാന്നിധ്യം ഏറെ ചര്‍ച്ചയാകും. നേരത്തെ പാര്‍ട്ടിവിട്ട സുവേന്ദു അധികാരി ഇത്തരത്തില്‍ ക്യാബിനറ്റ് യോഗങ്ങള്‍ ബഹിഷ്കരിച്ചാണ് പാര്‍ട്ടിയില്‍ നിന്നും അകന്നത്.

അതേ സമയം ബിജെപി സംസ്ഥാന ഘടകം സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി സയന്തന്‍ ബസുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയതിനാണ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ്  പ്രതാപ് ബാനര്‍ജിയുടെ പേരില്‍ നോട്ടീസ്. അടുത്തിടെ തൃണമൂലില്‍ നിന്നും ബിജെപിയില്‍ എത്തിയ എംഎല്‍എ ജിതേന്ദ്ര തിവാരിയെ പാര്‍ട്ടിയില്‍ എടുത്തതില്‍ സയന്തന്‍ ബസു മാധ്യമങ്ങളിലൂടെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നോട്ടീസ്. 

അതേ സമയം ബിജെപിയുടെ കേന്ദ്രമന്ത്രി ബബൂല്‍ സുപ്രിയോയും ഇത്തരത്തില്‍ ജിതേന്ദ്ര തിവാരിയെ ബിജെപിയില്‍ എടുത്തതില്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു.