പടക്കങ്ങൾ നിർമ്മിക്കുന്ന യൂണിറ്റും പാക്കിങ്ങ് യൂണിറ്റും ഒരേ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു
ദില്ലി: പഞ്ചാബിൽ പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 4 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. രാത്രി 1 മണിയോടെയാണ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഫാക്ടറി പ്രവർത്തിച്ചിരുന്ന 2 നില കെട്ടിടം തകർന്നു വീണു. നിരവധി തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് നിഗമനം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പടക്കങ്ങൾ നിർമ്മിക്കുന്ന യൂണിറ്റും പാക്കിങ്ങ് യൂണിറ്റും ഒരേ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസം പഞ്ചാബിൽ നിന്ന് പുറത്തുവന്ന വാർത്ത അമൃത്സറിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു എന്നതാണ്. അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു. അമൃത്സറിൽ കാംമ്പൂ പൊലീസ് സ്റ്റേഷൻ പരിധിയിൽ മജീത്തീയ ബൈപ്പാസിൽ ആളൊഴിഞ്ഞ പ്രദേശത്താണ് സ്ഫോടനം നടന്നത്. ഖാലിസ്ഥാൻ സംഘടനയായ ബബർ ഖൽസയിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് അമൃത്സർ കനത്ത ജാഗ്രതയിലാണ്.
വിശദവിവരങ്ങൾ ഇങ്ങനെ
കഴിഞ്ഞ ദിവസം രാവിലെ 9.20 ഓടെ മജിത്തീയ ബൈപ്പാസിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഉഗ്ര സ്ഫോടന ശബ്ദം മൂന്ന് കിലോ മീറ്ററിന് അപ്പുറം വരെ കേട്ടെന്നാണ് വിവരം. ആറ് പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ പ്രദേശത്തുള്ളവരും ഉൾപ്പെടുന്നു. ഇതിൽ ഒരാളുടെ പരിക്ക് അതീവഗുരുതരമായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നിരോധിത ഭീകര സംഘടനയായ ബബർ ഖൽസയിൽ അംഗമായ വ്യക്തിയാണ് കൊലപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബോംബ് ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പൊലീസ് നിഗമനം. ആളൊഴിഞ്ഞ സ്ഥലത്ത് സ്ഫോടകവസ്തുക്കൾ ഭീകരസംഘടനയിൽ പെട്ടവർ ഉപേക്ഷിച്ചിരുന്നു. ഇത് തിരികെ എടുത്ത് സ്ഫോടനത്തിനായി തയ്യാറാക്കുന്നതിനിടെയാണ് അബദ്ധത്തിൽ പൊട്ടിയത്. അമൃത്സറിൽ ആക്രമണം നടത്താനുള്ള പദ്ധതിക്കായി തയ്യാറാക്കിയ ബോംബാണ് പെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് അതീവജാഗ്രതയിലാണ് അമൃത്സർ. സ്ഫോടനം നടന്ന പ്രദേശം പൂർണ്ണമായി അടച്ച പൊലീസ് ഇവിടെ പരിശോധന തുടരുകയാണ്.


