ദില്ലി: ചൈനയിലെ കൊറോണ ബാധിതപ്രദേശമായ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ പുലർച്ചെ ദില്ലിയിലെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിൽ 40 മലയാളി വിദ്യാർത്ഥികളുണ്ടെന്ന് വി മുരളീധരൻ പറഞ്ഞു. ചൈനയിലെ പരിശോധനയില്‍ രോഗബാധ ഇല്ലെന്ന് കണ്ടെത്തിയവരെയാണ് ഇപ്പോൾ മടക്കികൊണ്ടുവരുന്നത്. രോഗം ബാധിച്ചവരെയും തിരികെ കൊണ്ടുവരാൻ ശ്രമം തുടരുകയാണെന്ന് വി മുരളീധരൻ അറിയിച്ചു.

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയർ ഇന്ത്യയുടെ ആദ്യ ജംബോ വിമാനം ഇന്ന് രാത്രി 11മണിക്ക് (ഇന്ത്യൻ സമയം) വുഹാനിൽ നിന്ന് പുറപ്പെടും. ചൈനയിൽ കുടുങ്ങിയ 366 പേരെയാണ് നാളെ ഇന്ത്യയിലെത്തിക്കുക. തിരികെ കൊണ്ടുവരുന്നവരെ ദില്ലിയിൽ തന്നെ താമസിപ്പിക്കുമെന്ന് മുരളീധരൻ പറഞ്ഞു. ഇവരില്‍ രോഗ ലക്ഷണം കാണിക്കുന്നവരെ ദില്ലി കന്റോൺമെന്റ് ബേസ് ആശുപത്രിയിലെ ഐസൊലേറ്റഡ് വാർഡിലേക്ക് മറ്റും. മറ്റുള്ളവരെ രണ്ടാഴ്ച നിരീക്ഷിക്കും. രണ്ടാഴ്ചയ്ക്ക് ശേഷം നടത്തുന്ന പരിശോധനയില്‍ രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് അയക്കൂ. 

അതേസമയം, വുഹാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ചൈനീസ് സർക്കാർ നൽകിയ സഹകരണത്തിന് ഇന്ത്യ നന്ദി അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചത്. കൊറോണ നേരിടുന്നതിൽ രണ്ട് രാജ്യങ്ങളും പരസ്പര സഹകരണം ഉറപ്പ് നൽകി.