ഗുവാഹത്തി: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന 42 ബംഗ്ലാദേശികളെ അസമില്‍ നിന്ന് നാടുകടത്തി. മുപ്പത്തിമൂന്ന് പുരുഷന്മാരേയും 9 സ്ത്രീകളെയുമാണ് നാടുകടത്തിയത്, തിങ്കളാഴ്ചയാണ് അസം സര്‍ക്കാരിന്‍റെ നടപടി. കരിംഗഢ്ച് ജില്ലയിലെ ബാരാക് താഴ്വരയിലെ അതിര്‍ത്തി പോസ്റ്റില്‍ വച്ച് ഇവരെ ബംഗ്ലാദേശ് അധികൃതരെ ഏല്‍പ്പിച്ചതായി പൊലീസ് വിശദമാക്കി. 

ഗുവാഹത്തി, കരിംഗഞ്ച്, ശിവസാഗര്‍. കാച്ചര്‍, ദക്ഷിണ സല്‍മാര, സോനിത് പൂര്‍, കാര്‍ബി ആംഗ്ലോങ്, ദിമ ഹസാവോ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ ചിലര്‍ വര്‍ഷങ്ങളായി രാജ്യത്ത് താമസിക്കുന്നവരാണ്. ഇവരില്‍ പലരേയും അനധികൃത വിദേശികളായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രണ്ട് മൂന്ന് വര്‍ഷം മുന്‍പ് പിടിയിലായവരും ഇവരുടെ കൂടെയുണ്ടെന്നാണ് കരിംഗഞ്ച് ജില്ലാ പൊലീസ് സൂപ്രണ്ട് വിശദമാക്കുന്നത്. റെയില്‍വേ പൊലീസ് പിടികൂടിയവരും ഇവര്‍ക്കൊപ്പമുണ്ട്. 

നിയമപരമായ എല്ലാ നടപടികളും പാലിച്ച ശേഷമാണ് ഇവരെ നാടുകടത്തിയതെന്നാണ് പൊലീസ് ടൈംസ് നൌവ്വിനോട് വിശദമാക്കിയത്. കഴിഞ്ഞ മെയ് , ജൂണ്‍ മാസങ്ങളില്‍ അസം 50 ബംഗ്ലദേശ് പൌരന്മാരെ നാടുകടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി 15012 പേരെയാണ് ഇത്തരത്തില്‍ നാടുകടത്തിയിട്ടുള്ളത്.