ശ്രീ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിലെ ആദ്യ എംബിബിഎസ് ബാച്ചിൽ 50-ൽ 42 വിദ്യാർത്ഥികളും മുസ്ലീങ്ങളായതിനെതിരെ ബിജെപിയും ഹിന്ദു സംഘടനകളും രംഗത്ത്. 

ദില്ലി: ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിൽ (SMVDIME) മുസ്ലീം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനെ എതിര്‍ത്ത് ബിജെപി. ജമ്മു കശ്മീർ ഘടകമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മയുടെ നേതൃത്വത്തിലുള്ള ഒരു പാർട്ടി പ്രതിനിധി സംഘം ശനിയാഴ്ച ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ കണ്ട് പ്രവേശന മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നും തിരുത്തൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ എംബിബിഎസ് സീറ്റ് അലോക്കേഷൻ പട്ടികയിൽ 2025–26 അധ്യയന വർഷത്തേക്കുള്ള 50 പേരടങ്ങുന്ന ആദ്യ ബാച്ചിൽ 42 മുസ്ലീം വിദ്യാർത്ഥികള്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബിജെപിയും വലതുസംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയത്. വൈഷ്ണോ ദേവി ക്ഷേത്ര ബോർഡിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ഹിന്ദു പ്രാതിനിധ്യത്തിന് മുൻഗണന നൽകണമെന്നും സമുദായാടിസ്ഥാനത്തിലുള്ള സംവരണം സാധ്യമാക്കുന്നതിനായി എസ്എംവിഡിഐഎംഇയെ ന്യൂനപക്ഷ സ്ഥാപനമായി പ്രഖ്യാപിക്കണമെന്നും നിരവധി ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. യുവ രജപുത്ര സഭ, രാഷ്ട്രീയ ബജ്രംഗ് ദൾ, മൂവ്മെന്റ് കൽക്കി എന്നിവയിലെ അംഗങ്ങൾ സർവകലാശാലയിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. 

ഏഴ് ഹിന്ദുക്കളും ഒരു സിഖുകാരനും മാത്രമേ പ്രവേശനം നൽകിയിട്ടുള്ളൂവെന്നും ഇവര്‍ ആരോപിച്ചു. ആദ്യ ബാച്ചിലെ 50 വിദ്യാർത്ഥികളിൽ ഏഴ് പേർ മാത്രമാണ് ഹിന്ദുക്കളും ഒരു സിഖുകാരനും. 42 പേർ മുസ്ലീങ്ങളാണ്. ഇത് സ്വീകാര്യമല്ലെന്നും ഹിന്ദുക്കൾക്ക് മതിയായ സംവരണം ഉറപ്പാക്കുന്നതിന് പുതിയ പ്രവേശന പ്രക്രിയയും നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കുകയും ചെയ്യണമെന്നും രാഷ്ട്രീയ ബജ്രംഗ്ദൾ പ്രസിഡന്റ് രാകേഷ് ബജ്റംഗി പറഞ്ഞു.

അതേസമയം, ഹിന്ദുക്കളല്ലാത്ത വിദ്യാർത്ഥികളെ അകറ്റി നിർത്തുന്നതിനായി ശ്രീ മാതാ വൈഷ്ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസ് (SMVDIME) ന്യൂനപക്ഷ സ്ഥാപനമായി പ്രഖ്യാപിക്കാൻ സമ്മർദ്ദം ചെലുത്തണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ആവശ്യപ്പെട്ടു. എന്നാല്‍ നീറ്റ് അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നല്‍കുന്നതെന്നും മതാടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസം കുഴപ്പമില്ല, പക്ഷേ കോളേജ് പണിയുമ്പോൾ അതിന് ന്യൂനപക്ഷ പദവി നൽകണമായിരുന്നു. പ്രവേശനം നീറ്റിന്റെയും മറ്റ് പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്, മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അബ്ദുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുസ്ലീങ്ങൾക്കും അവരുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ ഒരു സിഖ് വിദ്യാർത്ഥിക്കും മറ്റെവിടെയെങ്കിലും പ്രവേശനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.