ബൊക്കാറൊ, ജാര്‍ഖണ്ഡ്: പട്ടിണി സഹിക്കാനാവാതെ 42കാരന്‍ മരിച്ചു. ജാര്‍ഖണ്ഡിലാണ് ഭുഖല്‍ ഘാസി എന്നയാള്‍ ദിവസങ്ങളായി ആഹാരം ലഭിക്കാതെ മരിച്ചത്. രോഗം മൂലമാണ് ഇയാളുടെ മരണമെന്നാണ് ജില്ലാ അധികൃതരുടെ വിശദീകരണം. എന്നാല്‍ പട്ടിണി സഹിക്കാനാവാതെയാണ് ഇയാള്‍ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

റേഷന്‍ കാര്‍ഡോ ആയുഷ്മാന്‍ കാര്‍ഡോ ഇല്ലെന്നും പല ദിവസങ്ങളില്‍ ഭക്ഷണം പോലും കഴിക്കാറില്ലെന്നും ഘാസിയുടെ ഭാര്യ രേഖ ദേവി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിളര്‍ച്ചയുണ്ടായിരുന്ന ഘാസി ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് ആറുമാസം മുമ്പ് നാട്ടിലെത്തിയത് രോഗബാധിതനായാണെന്നും ഇതുമൂലമാണ് ഇയാള്‍ മരിച്ചതെന്നുമാണ് ബൊക്കാറൊ ജില്ലാ കമ്മീഷണര്‍ പറയുന്നത്. 

കുടുംബത്തിലെ എല്ലാവരും അനീമിക് ആണെന്നും ഭീംറാവു അംബേദ്കര്‍ ആവാസ് യോജന പ്രകാരം ഘാസിയുടെ വിധവയ്ക്ക് ആനനുകൂല്യങ്ങള്‍ നല്‍കുമെന്നും സര്‍ക്കാര്‍ ചെലവില്‍ ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.