മഴ പെയ്താൽ പിന്നെ ഓട്ടോ നിരക്ക് കുത്തനെ കൂടുമെന്ന പേരിൽ പങ്കുവച്ച പോസ്റ്റ് വൈറലായി. നിരവധി പേർ കമന്‍റുകളുമായെത്തി. 

ബെംഗളൂരു: ഒരു കിലോമീറ്റർ ദൂരം പോകാൻ ഊബർ ആപ്പിൽ ഓട്ടോയ്ക്ക് കാണിച്ചത് 425 രൂപയെന്ന് പരാതി. മഴ പെയ്താൽ പിന്നെ ബെംഗളൂരുവിൽ ഓട്ടോ ചാർജ് കുത്തനെ കൂടുമെന്ന പേരിൽ റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പ് വൈറലായി. ഓട്ടോയ്ക്ക് 425 രൂപ കാണിച്ചപ്പോൾ കാറിന് 364 രൂപയാണ് ഊബർ ആപ്പിൽ കാണിച്ചതെന്ന് സ്ക്രീൻ ഷോട്ട് സഹിതം പങ്കുവച്ച കുറിപ്പിൽ പറയുന്നു.

"ഇന്നലെ രാത്രി എന്റെ സുഹൃത്ത് നാട്ടിലേക്ക് പോകാൻ ഓട്ടോ ബുക്ക് ചെയ്യാൻ നോക്കി. നിരക്ക് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഉടൻ തന്നെ അവൻ ഒരു കുടയെടുത്ത് നടന്നുപോയി" എന്നും കുറിപ്പിൽ പറയുന്നു. പിന്നാലെ പോസ്റ്റിന് താഴെ നിരവധി പേർ കമന്‍റുകളുമായെത്തി. ബെംഗളൂരുവിലെ ഓട്ടോ, ടാക്സി നിരക്ക് വികസിത രാജ്യങ്ങളിലേതിന് തുല്യമാണെന്ന് ചിലർ പറഞ്ഞു. ജർമ്മനിയിൽ ബെൻസിൽ യാത്ര ചെയ്യാൻ സമാന നിരക്കാണെന്നാണ് ഒരു കമന്‍റ്. യുഎസിലെ ഊബർ നിരക്കിന് തുല്യമാണിത് എന്ന കമന്‍റും വന്നു. ഓട്ടോ സ്വന്തമായി വാങ്ങാൻ പറ്റിയ സമയം എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

റോഡുകളും അടിസ്ഥാന സൗകര്യങ്ങളും മോശമാണ്, എന്നിട്ടും യാത്രാ നിരക്കിന് ഒരു കുറവുമില്ലെന്ന് ചിലർ രോഷം കൊണ്ടു. ചെറിയ ദൂരങ്ങൾ ഓട്ടോയും ടാക്സിയും വിളിക്കാതെ നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യേണ്ട സമയമായിരിക്കുന്നു എന്നും ചിലർ പ്രതികരിച്ചു. അമിതമായ കാബ് നിരക്കിനൊപ്പം കുപ്രസിദ്ധമാണ് ബെംഗളൂരുവിലെ ഗതാഗത കുരുക്ക്. ലക്ഷക്കണക്കിന് വാഹനങ്ങളാണ് നിരത്തിൽ ഇറങ്ങുന്നത്. മണിക്കൂറുകളോളം റോഡിൽ കുടുങ്ങിപ്പോകുന്ന അവസ്ഥ പതിവാണ്. വാഹനപ്പെരുപ്പത്തിന് അനുസരിച്ച് മെച്ചപ്പെട്ട റോഡുകളില്ലാത്തതാണ് പ്രതിസന്ധിയെന്നാണ് പരാതി. അതേസമയം മതിയായ പൊതുഗതാഗത സംവിധാനങ്ങളില്ലാത്തത് സാധാരണക്കാരുടെ യാത്രാക്ലേശം വർദ്ധിപ്പിക്കുന്നു.