തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. തീ ആളിപ്പടർന്നപ്പോൾ ഏതാണ്ട് 50 പേർ ഫാക്ടറിക്ക് അകത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ദില്ലി: നഗരത്തിൽ പുലർച്ചെ ലഗ്ഗേജ് നിർമാണക്കമ്പനിയിൽ ഉണ്ടായ വൻ അഗ്നിബാധയിൽ 43 പേർ വെന്തുമരിച്ചു. ആളുകൾ തിങ്ങിപ്പാർക്കുന്ന ഉത്തരദില്ലിയിലെ റാണി ഝാൻസി റോഡിലെ അനാജ് മണ്ഡി എന്നയിടത്താണ് പുലർച്ചെ അഞ്ച് മണിക്ക് തീ പിടിത്തമുണ്ടായത്. ഫാക്ടറിയിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചവരിൽ ഏറെയും. 

അഗ്നിബാധയുടെ കാരണം ഇതുവരെ അറിവായിട്ടില്ല. ഫാക്ടറിക്ക് അകത്ത് തീപിടിത്തമുണ്ടാകുമ്പോൾ ഏതാണ്ട് 50 പേർ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നാണ് വിവരം. തീ ആളിപ്പടർന്നതോടെ ആളുകൾ നിലവിളിച്ച് പുറത്തേക്ക് ഓടാൻ ശ്രമിച്ചു. എന്നാൽ വായുസഞ്ചാരമില്ലാത്ത ഫാക്ടറിയിൽ തീ പെട്ടെന്ന് ആളിപ്പടർന്നു. വിവരമറിഞ്ഞതോടെ മുപ്പത് ഫയർ എഞ്ചിനുകൾ സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ആളുകളെ രക്ഷിക്കാനായില്ല. 

ബാഗ് നിർമ്മാണക്കമ്പനിയുടെ വർക്ക് ഷോപ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമികവിവരം. നിരവധി ചെറു വ്യവസായക്കമ്പനികളും ചെറുഗോഡൗണുകളുമുള്ള പ്രദേശത്ത്, അതും പുലർച്ചെയാണ്, തീ ആളിപ്പടർന്നതെന്നത് ഭീതി പരത്തി. 

രക്ഷാപ്രവർത്തനം തുടങ്ങിയതോടെ, ഗുരുതരമായി പൊള്ളലേറ്റ കുറച്ച് പേരെ രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്കും ഹിന്ദു റാവു ആശുപത്രിയിലേക്കും എത്തിച്ചു. എൻഡിആർഎഫിന്‍റെ സംഘവും തൊട്ടുപിന്നാലെ എത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. നിലവിൽ തീയണയ്ക്കാനായി വെള്ളം സ്പ്രേ ചെയ്യുന്നത് അവസാനിപ്പിച്ച ഫയർഫോഴ്‍സും എൻഡിആർഎഫും കെട്ടിടത്തിനകത്ത് കയറി ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. 

പ്രധാനമന്ത്രി നരേന്ദ്രമോദി തീപിടിത്തത്തിൽ ട്വിറ്ററിൽ അനുശോചനമറിയിച്ചു. കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുന്നെന്ന് മോദി പറഞ്ഞു.

Scroll to load tweet…

രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഫയർഫോഴ്സ് സാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്നും, പൊള്ളലേറ്റവർക്ക് എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വീറ്റ് ചെയ്തു. കെജ്‍രിവാൾ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയാണ്.

തീപിടിത്തത്തിന് കാരണമായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആപ് മന്ത്രി ഇമ്രാൻ ഹുസൈൻ വ്യക്തമാക്കി. അന്വേഷണം നടത്തുമെന്നും, ഉത്തരവാദികൾക്കെതിരെ കർശനമായ വകുപ്പുകൾ ചുമത്തി നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

എല്ലാ സഹായങ്ങളും നൽകാൻ ഉത്തരവാദപ്പെട്ടവരോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

Scroll to load tweet…

ന്യൂ ദില്ലി റെയിൽവേ സ്റ്റേഷന തൊട്ടടുത്തുള്ള റാണി ഝാൻസി ഫ്ലൈ ഓവർ തീപിടിത്തത്തെത്തുടർന്ന് അടച്ചിട്ടു. ഈ വഴിയുള്ള ഗതാഗതം വഴിതിരിച്ച് വിട്ടിരിക്കുകയാണ്. 

ദില്ലി നഗരത്തിൽ ഇത്തരത്തിലൊരു ദുരന്തം മുമ്പുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ദില്ലിയിലെ ബവാനയിൽ ഫാക്ടറിക്ക് തീ പിടിച്ച് 17 പേർ മരിച്ചിരുന്നു.