ബാലാക്കോട്ട് തകര‍്ക്കപ്പെട്ട ഭീകര കേന്ദ്രങ്ങള്‍ പുനസ്ഥാപിച്ച് പരിശീലനം ചാവേറുകള‍ടക്കം  അമ്പതോളം ഭീകരര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നു നേരിടാന്‍ തയ്യാറാണെന്ന് സൈനിക വൃത്തങ്ങള്‍

ദില്ലി: വ്യോമ മിന്നലാക്രമണത്തിലൂടെ ബാലാക്കോട്ടില്‍ ഇന്ത്യ തകര്‍ത്ത ഇടങ്ങളില്‍ പുന:സ്ഥാപിക്കപ്പെട്ട ഭീകര കേന്ദ്രങ്ങളില്‍ ഭീകരര്‍ പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ട്. ചാവേറുകളടക്കമുള്ള അമ്പതോളം വരുന്ന ഭീകരര്‍ പരിശീലനം നടത്തുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഫെബ്രുവരി 26നാണ് ബാലക്കോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ വ്യോമ മിന്നലാക്രമണം നടത്തിയത്. പുല്‍വാമ ആക്രമണത്തിന് മറുപടി നല്‍കിയ ഇന്ത്യ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന നിരവധി ഭീകര പോസ്റ്റുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. 

മലനിരകള്‍ക്ക് മുകളിലെ കാട്ടിനുള്ളില്‍ അത്യാധുനിക പരിശീലന കേന്ദ്രമാണ് പുനസ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ചാവേറുകളടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കി വരികയാണ്.ഇന്‍റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില‍് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ തന്നെയാണ് ക്യാംപ് പുന:സ്ഥാപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കശ്മീരാണ് അവര‍് ലക്ഷ്യമിടുന്നത്. പുന:സംഘടന അവരെ അസ്വസ്ഥരാക്കി. ഏത് തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ സൈന്യം അതീവ കരുതലിലലാണെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുൽവാമ ഭീകരാക്രമണത്തിന് പകരം ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്ന് കയറി ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയ ജയ്‍ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വീണ്ടും ജയ്ഷെ തീവ്രവാദികൾ ഈ ക്യാമ്പ് പുനർനിർമിക്കാൻ തുടങ്ങിയതായി ഇന്ത്യക്ക് വിവരം ലഭിച്ചതായും ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി ബാലാക്കോട്ടിലും കനത്തതാകുമെന്ന് അന്ന് ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

വെല്ലുവിളികളെല്ലാം നേരിടാൻ തീർത്തും സജ്ജമാണ് ഇന്ത്യൻ സൈന്യമെന്ന് ബിപിൻ റാവത്ത് അറിയിച്ചു. ബാലാകോട്ട് പോലൊരു പ്രത്യാക്രമണം ഇന്ത്യ തുടരുമോ എന്ന് ചോദ്യത്തിന് ''എന്തുകൊണ്ട് ബാലാകോട്ട് ആവർത്തിക്കണം? അതിനുമപ്പുറത്തുള്ള തിരിച്ചടി നൽകിക്കൂടേ? അവർ എന്തുണ്ടാകുമെന്ന് ആലോചിച്ചുകൊണ്ടേയിരിക്കട്ടെ'' എന്നുമായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.