Asianet News MalayalamAsianet News Malayalam

കടുപ്പിച്ച് കർണാടകം; നേതാക്കൾ അടക്കം 45 പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, പഴയ കേസുകളിലും നടപടി

പോപ്പുലർ ഫ്രണ്ട്, എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികളായ പഴയ കേസുകളില്‍ നടപടി ശക്തമാക്കാന്‍ പൊലീസിന് കർണാടക സര്‍ക്കാരിന്റെ നിര്‍ദേശം

45 PFI activists including leaders arrested in Karnataka, action in old cases
Author
First Published Sep 27, 2022, 1:43 PM IST

ബെംഗളൂരു: കര്‍ണാടകത്തില്‍ നിന്ന് 80 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പ്രസിഡന്‍റുമാരടക്കം 45 പേരെ അറസ്റ്റ് ചെയ്തു. എന്‍ഐഎ റെയ‍്‍ഡിന് പിന്നാലെ സംഘടിത പ്രതിഷേധങ്ങള്‍ക്ക് പദ്ധതിയിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനിടെ, പോപ്പുലർ ഫ്രണ്ട്, എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികളായ പഴയ കേസുകളില്‍ നടപടി ശക്തമാക്കാന്‍ പൊലീസിന് കർണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

എന്‍ഐഎ റെയ‍്‍ഡിൽ പിടിയിലായവരിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് കര്‍ണാടക പൊലീസ് സ്പെഷ്യല്‍ സ്ക്വാഡ് പരിശോധനകൾ നടത്തിയത്. മംഗളൂരു, ശിവമോഗ, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പരിശോധിച്ചു. പത്ത് ജില്ലകളില്‍ റെയ‍്ഡ് നടന്നു. ജില്ലാ പ്രസിഡന്റുമാരെ അടക്കം അറസ്റ്റ് ചെയ്തു. എന്‍ഐഎ റെയ‍്‍ഡിന് പിന്നാലെ സംഘടിത പ്രതിഷേധങ്ങള്‍ക്ക് പദ്ധതിയിട്ടതിന്‍റെ ഡിജിറ്റല്‍ രേഖകളും പൊലീസ് കണ്ടെത്തി. എസ്‍ഡിപിഐ നേതാക്കളുടെ വസതികളിലും പരിശോധന നടന്നു. റെയ‍്‍ഡിനിടെ എന്‍ഐഎ ഉദ്യോഗസ്ഥരെ തടഞ്ഞ 7 പേരെ ബാഗല്‍കോട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്ന ബാഗാല്‍കോട്ട് പ്രസിഡന്‍റ്  അഷ്ക്കര്‍ അലിയും അറസ്റ്റിലായി.

മൊബൈൽ ഫോണുകൾ ലാപ്ടോപ്പുകൾ, ഹാർഡ്  ഡിസ്‍കുകൾ എന്നിവ ഉൾപ്പെടെ  പിടിച്ചെടുത്തു. പരിശോധനയ്ക്കെതിരെ ചിലയിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രതിഷേധം ഉണ്ടായി. പോപ്പുലർ ഫ്രണ്ട്  പ്രവർത്തകർ പ്രതികളായിട്ടുള്ള പഴയ കേസുകളിലും നടപടി ശക്തമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനു പിന്നാലെ ജില്ലാ പൊലീസ് മേധാവിമാരുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; രാജ്യവ്യാപക പരിശോധനയും അറസ്റ്റും, ദില്ലിയിൽ നിരോധനാജ്ഞ

രാജ്യ വ്യാപകമായി പോപ്പുല‍ർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേനകളും ഭീകര വിരുദ്ധ സേനയും റെയ്ഡ് നടത്തി. 5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ദില്ലിയിൽ റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

Follow Us:
Download App:
  • android
  • ios