Asianet News MalayalamAsianet News Malayalam

പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; രാജ്യവ്യാപക പരിശോധനയും അറസ്റ്റും, ദില്ലിയിൽ നിരോധനാജ്ഞ

5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ദില്ലിയിൽ റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി

Action against Popular Front again, Nationwide searches and arrests
Author
First Published Sep 27, 2022, 1:29 PM IST

ദില്ലി: രാജ്യ വ്യാപകമായി പോപ്പുല‍ർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേനകളും ഭീകര വിരുദ്ധ സേനയും റെയ്ഡ് നടത്തി. 5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ദില്ലിയിൽ റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി  നടത്തിയ റെയ‍്ഡിൽ 106  പേർ അറസ്റ്റിലായിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് സംസ്ഥാനങ്ങളിൽ രണ്ടാംഘട്ട റെയ‍്ഡ് നടന്നത്. ദില്ലിയിൽ 30 പേരെയാണ് പൊലീസും ഭീകരവിരുദ്ധ സേനയും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഷഹീൻ ബാഗ്, നിസാമുദ്ദീൻ, രോഹിണി, ജാമിയ തുടങ്ങിയിടങ്ങളിലാണ് പരിശോധനകൾ ഉണ്ടായത്. ഇവിടങ്ങളിൽ അർദ്ധസൈനിക വിഭാഗം റൂട്ട് മാർച്ച് നടത്തി.  പിന്നീട് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. 

മധ്യപ്രദേശിൽ 8 ജില്ലകളിൽ നിന്നായി 21 പേരെയാണ് അറസ്റ്റ് ചെയ്തത്. ആദ്യ ഘട്ടത്തിൽ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരുടെ വിശദാംശങ്ങൾ ലഭിച്ചതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി. അസമിലെ ലോവർ ജില്ലകളിൽ പുലർച്ചെയാണ് പിഎഫ്ഐക്കെതിരെ പൊലീസ് നടപടിയുണ്ടായത്. സംസ്ഥാനത്ത് 25 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. യുപിയിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സും എടിഎസുമാണ് റെയ‍്‍ഡ് നടത്തിയത്.

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ എടിഎസ് നടത്തിയ റെയ‍്‍ഡിൽ മുപ്പതോളം പിഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. മറാത്താവാഡ മേഖലയിൽ നിന്ന് മാത്രം 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയ‍്‍ഡിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ കമ്മീഷണർ സഞ്ജയ് അറോറ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.


കടുപ്പിച്ച് കർണാടകം; നേതാക്കൾ അടക്കം 45 പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, പഴയ കേസുകളിലും നടപടി 

കര്‍ണാടകത്തില്‍ നിന്ന് 80 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പ്രസിഡന്‍റുമാരടക്കം 45 പേരെ അറസ്റ്റ് ചെയ്തു. എന്‍ഐഎ റെയ‍്‍ഡിന് പിന്നാലെ സംഘടിത പ്രതിഷേധങ്ങള്‍ക്ക് പദ്ധതിയിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനിടെ, പോപ്പുലർ ഫ്രണ്ട്, എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികളായ പഴയ കേസുകളില്‍ നടപടി ശക്തമാക്കാന്‍ പൊലീസിന് കർണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Follow Us:
Download App:
  • android
  • ios