അഗര്‍ത്തല: ത്രിപുരയില്‍ രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ത്രിപുരയിലെ ഗോത്രവര്‍ഗക്കാരും ഇതര സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്നാണ് സൂചന.  പൗരത്വ ഭേദഗതി ബില്ലിനെതിരെ ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. 

അതേ സമയം അസാമില്‍ ലോക്സഭ പാസാക്കിയ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ  സമരം ചെയ്യുന്ന ജനക്കൂട്ടം അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് കുമാര്‍ ദാസിന്‍റെ വാഹനവ്യൂഹത്തെ ആക്രമിച്ചു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  ആസാം മന്ത്രിമാരായ നബാ കുമാര്‍ ഡോളെ, സിദ്ധാര്‍ത്ഥ് ഭട്ടാചാര്യ എന്നിവരും രഞ്ജിത്ത് കുമാര്‍ ദാസിന്‍റെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നു.

അതേ സമയം ലോക്സഭ പാസാക്കിയ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. അസമിൽ പന്ത്രണ്ടു മണിക്കൂർ ബന്ദ് പലയിടത്തും അക്രമാസക്തമായി. ബില്ലിനെതിരെ എൻഇഎസ്ഒ ( നോർത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ, എഎഎസ്‍യു (ആൾ ആസാം സ്റ്റുഡന്‍റസ് യൂണിയൻ) എന്നീ വിദ്യാർത്ഥി സംഘടനകളാണ് അസമിൽ ബന്ദിന് ആഹ്വാനം ചെയ്തത്. അസമിലെ ദിബ്രുഗഢിൽ വിഘടനവാദി സംഘടനയായ ഉൾഫയും പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പതാക ഉയർത്തിയെന്ന റിപ്പോർട്ടുണ്ട്.

അസം ജാതിയബാദി യുവ ഛാത്ര പരിഷത്ത്  ജനറൽ സെക്രട്ടറി പലാഷ് ചങ്മായിയെ സെക്രട്ടേറിയറ്റിലേക്ക് കറുത്ത കൊടിയുമായി പ്രതിഷേധം നയിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൾ അസം സ്റ്റുഡന്‍റസ് അസോസിയേഷൻ പ്രവർത്തകർ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പന്തം കൊളുത്തി പ്രകടനങ്ങൾ നടത്തി. പൗരത്വബില്ലിന്‍റെ പകർപ്പ് കീറിയെറിഞ്ഞു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ പൊലീസ് ലാത്തിവീശിയിരുന്നു. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അവകാശം കവരില്ല എന്ന അമിത്ഷായുടെ ഉറപ്പും പ്രതിഷേധം തണുപ്പിച്ചിട്ടില്ല. മണിപ്പൂരിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബില്ല് പശ്ചിമബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മമതാ ബാനർജി വ്യക്തമാക്കി കഴിഞ്ഞു. രാജ്യസഭയിൽ ബില്ല് നാളെ വരാനിരിക്കെ ഇടതുപക്ഷം പാർ‍ലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചു. കോടതിയെ സമീപിക്കുമെന്ന് പല പ്രതിപക്ഷ പാർട്ടികളും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.