ശുദ്ധവായു, വെള്ളം, കലർപ്പില്ലാത്ത  ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും ഒരു വിഭാഗത്തിന് ലഭ്യമല്ലാത്ത ഈ സ്ഥിതിയിൽ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്നതിൽ അർത്ഥമില്ലെന്ന് ഹോട്ട്മെയിൽ സഹസ്ഥാപകനായ സബീർ ഭാട്ടിയ. 

ദില്ലി: "ശ്വസിക്കാൻ പറ്റാത്ത വായു, കുടിക്കാൻ പറ്റാത്ത വെള്ളം, മായം കലർന്ന ഭക്ഷണം.. ഇങ്ങനെയൊക്കെയായിട്ടും ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുന്നതിൽ അർത്ഥമെന്താണ്?"- ഹോട്ട്മെയിൽ സഹസ്ഥാപകനായ സബീർ ഭാട്ടിയ തുടങ്ങി വച്ച ഈ ചർച്ച ലക്ഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. ജിഡിപി കുതിച്ചുയരുന്നത് ഒരു രാജ്യത്തിന് അഭിവൃദ്ധിയുണ്ടാകുന്നതിന് സമമല്ലെന്ന സന്ദേശമാണ് സബീർ ഭാട്ടിയ തന്റെ എക്സ് അക്കൗണ്ടിലൂടെ പോസ്റ്റുകളിൽ കുറിച്ചിരിക്കുന്നത്. 2025-ൽ ഇന്ത്യയുടെ ജിഡിപി 4.19 ട്രില്യൺ ഡോളറിലെത്തി. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നു. എന്നിട്ടും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇപ്പോഴും ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധവായു, സുരക്ഷിതമായ കുടിവെള്ളം, മായം ചേർക്കാത്ത ഭക്ഷണം എന്നിവയ്ക്കായി പോരാടുകയാണെന്നും അദ്ദേഹം പറയുന്നു.

ജനസംഖ്യയുടെ പകുതിയോളം പേർ ശ്വസിക്കുന്നത് അപടകരമായ വായുവാണ്. ഉപയോഗിക്കുന്ന 70% വെള്ളവും സുരക്ഷിതമല്ല. ഭക്ഷണത്തിൽ ചേർക്കുന്ന മായം അത്യന്തം അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. പല പൗരന്മാർക്കും ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴുമില്ലെന്നും സബീർ ഭാട്ടിയ പറയുന്നു. എന്റെ ഈ വിമർശനം ശുഭാപ്തിവിശ്വാസമില്ലായ്മയിൽ നിന്നുണ്ടായല്ല, മറിച്ച് ആഴത്തിലുള്ള ദേശസ്‌നേഹത്തിൽ നിന്നാണിത് വരുന്നത്. ഇന്ത്യയുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കുമ്പോഴും, രാജ്യത്തെ നിസാരമായിക്കാണുന്നില്ല. മാനസികാവസ്ഥ മാറുന്നതോടെ ഇവിടെ നല്ല മാറ്റങ്ങൾ വരും. അങ്ങനെ ഇന്ത്യയ്ക്ക് അർഹമായ അഭിവൃദ്ധി കൈവരിക്കാൻ കഴിയും. ദയവായി എന്റെ ഉദ്ദേശങ്ങളെ തെറ്റിദ്ധരിക്കരുത്. ഇപ്പോൾ ഇവിടെ സംസാരിക്കുന്നത് സ്നേഹമാണ്, വെറുപ്പല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

സബീർ ഭാട്ടിയ എക്സിലൂടെ പങ്കുവച്ച പോസ്റ്റുകൾ: 

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

ഇക്കഴിഞ്ഞ ജൂലൈയിൽ സബീ‍ർ ഭാട്ടിയ കേരളത്തെ പ്രശംസിച്ച് ഇട്ട ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയില്‍ സജീവ ചര്‍ച്ചയായിരുന്നു. കേരളം നൂറ് ശതമാനം സാക്ഷരതയുള്ള, സ്ത്രീകള്‍ ജോലിക്ക് പോകുന്ന, ഭൂരിപക്ഷവും ഹിന്ദുക്കളും വര്‍ഗീയ കലാപം തീരെയില്ലാത്ത നാടാണെന്നും എന്തുകൊണ്ട് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേരളത്തെപ്പോലെ ആയിക്കൂടായെന്നുമായിരുന്നു പോസ്റ്റ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയില്‍ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. അതേ സമയം, ദില്ലിയിലെ വായു ഗുണനിലവാര സൂചിക ഇന്ന് 355 ആയി (നവംബർ 27, 2025) 'വളരെ മോശം' വിഭാഗത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 13 ദിവസമായി ദേശീയ തലസ്ഥാനമായ ദില്ലി വായു മലിനീകരണവുമായി പൊരുതുകയാണ്.